രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത : ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു

Jaihind Webdesk
Sunday, December 8, 2019

ഉന്നാവോയ്ക്ക് പിന്നാലെ ത്രിപുരയിലും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെൺകുട്ടിയെ ചുട്ടുകൊന്നു. കാമുകനും ഇയാളുടെ അമ്മയും ചേർന്നാണ് പെൺകുട്ടിയെ തീകൊളുത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിച്ച ശേഷമാണ് തീ കൊളുത്തിയത്.

ഉന്നാവോ സംഭവത്തിന്‍റെ അലയൊലികൾ കെട്ടടങ്ങും മുമ്പാണ് ത്രിപുരയിലും സമാന സംഭവം ആവർത്തിച്ചിരിക്കുന്നത്. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം. മാസങ്ങൾ മുമ്പ് സമൂഹമാധ്യമത്തിലുടെയായിരുന്നു പെൺകുട്ടിയും യുവാവും പരിചയപ്പെട്ടത്. യുവാവ് പിന്നീട് പെൺകുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ച് തടവിലാക്കി. പിന്നാലെ മാസങ്ങളോളം കാമുകനും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയെ വിട്ടുനൽകണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ഇവർ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ മകളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ 17,000 രൂപ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. തുടർന്നാണ് കാമുകനും ഇയാളുടെ അമ്മയും കൂടി പെൺകുട്ടിയെ തീകൊളുത്തി കൊന്നത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിരുന്നു.

അജോയ് രുദ്രപാല്‍ എന്നയാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുമായി പരിചയപ്പെട്ടതിന് ശേഷം ഇയാള്‍ വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പിന്നീട് ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പിന്നീട് മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുള്ളതായി കാട്ടി വീണ്ടും പൊലീസിനെ സമീച്ചെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.