ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.എം; മുന്നേറി ബി.ജെ.പി; നേട്ടമുണ്ടാക്കി കോൺഗ്രസ്‌

Jaihind Webdesk
Friday, August 2, 2019

ഒരുകാലത്ത് ഉരുക്കുകോട്ടയായിരുന്ന ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തകർന്നടിഞ്ഞ് സി.പി.എം. ഭരണകക്ഷിയായ ബി.ജെ.പിക്കാണ് മുന്നേറ്റം. കോണ്‍ഗ്രസും നേട്ടമുണ്ടാക്കി. ജൂലൈ 27 നാണ് ത്രിപുരയില്‍ പഞ്ചായത്ത് തല വോട്ടെടുപ്പ് നടന്നത്.

833 ഗ്രാമപഞ്ചായത്തുകളിലേക്കും 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 833 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 638 പഞ്ചായത്തുകള്‍ ബി.ജെ.പി നേടിയപ്പോള്‍ കോണ്‍ഗ്രസ് 158 സീറ്റുകളില്‍ വിജയിച്ചു. അതേസമയം സി.പി.എം വെറും 22 സീറ്റുകളിലായി ഒതുങ്ങി. ഐ.പി.എഫ്.ടി ആറ് സീറ്റുകളിലും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളിലും ജയിച്ചു.

പഞ്ചായത്ത് സമിതികളില്‍ ബി.ജെ.പി 74 ഉം. കോണ്‍ഗ്രസ് ആറും സീറ്റുകള്‍ നേടിയപ്പോള്‍ സി.പി.എം ഒരു പഞ്ചായത്ത് സമിതി സീറ്റില്‍ ഒതുങ്ങി.

ജില്ലാപഞ്ചായത്തില്‍ സി.പി.എമ്മിന് അക്കൌണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. ബി.ജെ.പി – 77, കോണ്‍ഗ്രസ് – 2, സി.പി.എം – 0 എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ സീറ്റുനില. 15 ശതമാനം സീറ്റുകളിലേക്കാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്.