തെലങ്കാനയിൽ കോൺഗ്രസിന്‍റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

webdesk
Friday, November 23, 2018

കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും ചേർന്നാകും പ്രകടന പത്രിക പുറത്തിറക്കുക. ടി.ആർ.എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ ഭരണപരാജയങ്ങൾ തുറന്നു കാട്ടാനാണ് തെലുങ്കാനയിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. തെലങ്കാന രൂപീകരിച്ചത് തന്‍റെ പരിശ്രമം കൊണ്ട് മാത്രമാണെന്ന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ അവകാശവാദങ്ങൾക്ക് മറുപടി നൽകുകയാണ് സോണിയ ഗാന്ധിയെ രംഗത്തിറക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

മെദ്ചൽ മണ്ഡലത്തിൽ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലാവും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒന്നിച്ച് വേദിപങ്കിടുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സോണിയാ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. ഇതിനിടെ ടി.ആർ.എസിൽ നിന്നും കോൺഗ്രസിലെത്തിയ വിശ്വേശ്വർ റെഡ്ഡിക്ക് പിന്നാലെ കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതിനുള്ള ശ്രമവും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. കെ. ചന്ദ്രശേഖർ റാവുവിന്‍റെ ഏകാധിപത്യ രീതിയോട് എതിർപ്പുള്ളവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ടി.ആർ.എസിൽ നിന്ന് രാജിവെച്ച ബി സഞ്ജീവ റാവു, മുതിർന്ന നേതാക്കളായ കെ യാദവ റെഡ്ഡി, എസ് ജഗദീശ്വർ റെഡ്ഡി എന്നിവരുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെലങ്കാനയും പ്രചാരണച്ചൂടിലേക്ക് നീങ്ങുകയാണ്.