ഓസ്ട്രേലിയയിലെ രാജ്യാന്തര കോണ്‍സുലേറ്റുകളില്‍ അജ്ഞാത പാക്കറ്റുകള്‍; കനത്ത ജാഗ്രത; സുരക്ഷ ശക്തമാക്കി

Jaihind Webdesk
Wednesday, January 9, 2019

ഓസ്ട്രേലിയയിലെ രാജ്യാന്തര കോണ്‍സുലേറ്റുകളില്‍ അജ്ഞാത പൊതിക്കെട്ടുകള്‍. മെൽബണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ഉള്‍പ്പെടെ പല നയതന്ത്ര സ്ഥാപനങ്ങള്‍ക്കു മുൻപിലും സമാനമായ പൊതിക്കെട്ട് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതോടെ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  10 രാജ്യാന്തര കോണ്‍സുലേറ്റുകളിലാണ് ഇത്തരം പൊതിക്കെട്ടുകള്‍ കണ്ടെത്തിയത്.

അഗ്നിരക്ഷാ സേന, സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി. എംബസികളിലും കോൺസുലേറ്റുകളിലും കണ്ടെത്തിയ പൊതികൾ പരിശോധിച്ചു വരികയാണെന്ന് ഓസ്ട്രേലിയൻ ഫെഡറല്‍ പൊലീസും മെട്രോപോളിറ്റൻ ഫയർ ബ്രിഗേഡും വ്യക്തമാക്കി.

ഇന്ത്യയ്ക്ക് പുറമെ യുഎസ്, യുകെ, കൊറിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പാകിസ്ഥാൻ, ഗ്രീസ്, ഇന്തൊനീഷ്യ എന്നീ രാഷ്ട്രങ്ങളുടെ കോൺസുലേറ്റുകളിലാണു അജ്ഞാത പൊതിക്കെട്ടുകളെത്തിയത്.