ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ഓസീസിന് നാലു വിക്കറ്റ് ജയം

Jaihind Webdesk
Monday, March 11, 2019

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ഓസീസിന് നാലു വിക്കറ്റ് ജയം. 13 പന്ത് ബാക്കി നിൽക്കെ ഓസീസ് വിജയലക്ഷ്യമായ 359 റൺസിലെത്തി. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇരു ടീമിനും രണ്ടു ജയം വീതമായി.

ജയം മോഹിച്ചിറങ്ങിയ ഇന്ത്യയുടെ മോഹങ്ങളെ അടിച്ചു പരത്തി ആസ്ത്രേലിയ ജയം സ്വന്തമാക്കി. നാലാം ഏകദിനത്തിൽ ജയം സ്വന്തമാക്കിയതോടെ പരമ്പര 2-2ന് സമനിലയിലായി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒൻപത് വിക്കറ്റിന് 358 റൺസെടുത്തെങ്കിലും ജയം കണ്ടെത്താൻ നീലപ്പടക്കായില്ല.

അതേ നാണയത്തിൽ ഓസീസ് തിരിച്ചടിച്ചതോടെ ബൗളിങ് നിര പതറിപ്പോയി. 47.5 ഓവറിൽ ആറു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് ലക്ഷ്യം മറികടന്നു. ആറാമനായിറങ്ങി പുറത്താകാതെ 43 പന്തിൽ 84 റൺസെടുത്ത ആഷ്ടൺ ടർണറാണ് ഓസീസിന് ജയമൊരുക്കിയത്. അഞ്ച് ബൌണ്ടറികളും ആറ് സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു ടർണറുടെ തകർപ്പൻ ഇന്നിംഗ്‌സ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുക്കുകയായിരുന്നു. 143 റൺസെടുത്ത ശിഖർ ധവാനും 93 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ധവാന്‍റെ പതിനാറാം ഏകദിന സെഞ്ച്വറിയാണിത്. റിഷഭ് പന്ത് 36 ഉം രാഹുൽ 26 ഉം കോലി ഏഴും റൺസെടുത്ത് മടങ്ങി. ഓസിന് വേണ്ടി പാറ്റ് കമ്മിൻസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. ബുധനാഴ്ച ഡൽഹിയിലാണ് അവസാന മത്സരം.