അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും; ശബരിമല, അയോധ്യ, ലാവലിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിക്കും

webdesk
Wednesday, January 2, 2019

Supreme-Court-of-India

ക്രിസ്തുമസ് അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. ശബരിമലയും അയോധ്യയും സി.ബി.ഐയും ലാവലിനും ഉൾപ്പെടെ ഒട്ടനവധി വിഷയങ്ങളാണ് ഈ മാസം കോടതിക്ക് മുന്നിലെത്തുന്നത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ തന്നെ രാഷ്ട്രീയകേന്ദ്രങ്ങൾ സുപ്രീം കോടതിയിലേക്ക് ആകാംക്ഷയോടെയും ആശങ്കയോടെയുമാണ് ഉറ്റുനോക്കുന്നത്.

2018 ലെ അവസാന പ്രവൃത്തി ദിവസത്തിൽ സുപ്രീം കോടതി റഫാൽ ഇടപാടിനെക്കുറിച്ച് പുറപ്പെടുവിച്ച വിധിയിലെ ഇരുപത്തിയഞ്ചാമത്തെ ഖണ്ഡികയിലെ പിഴവ്തിരുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ പുതുവർഷമാദ്യം തന്നെ കോടതിക്ക് മുന്നിലെത്തും. സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ചിപ്പിച്ചതിന് എതിരെ അലോക് വർമ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ വിധിയും ഉടനുണ്ടാകും. വിധി അനുകൂലമായാൽ സി.ബി.ഐ ഡയറക്ടർ ആയി അലോക് വർമയ്ക്ക് തിരികെ വരാം.

അയോധ്യ കേസിൽ സുപ്രീം കോടതിയിൽ എന്ന് അന്തിമ വാദം ആരംഭിക്കും എന്ന് ജനുവരി 4 ന് അറിയാം. കേസിന്മേൽ കേന്ദ്രസർക്കാരിന്‍റെ ശക്തമായ സമ്മർദമുണ്ട്. എസ്.എൻ.സി ലാവലിൻ കേസ് ജനുവരി 10 ന് ആണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. സി.ബി.ഐ നൽകിയ സത്യവാങ്മൂലത്തിന് പിണറായി വിജയൻ ഇത് വരെ മറുപടി നൽകിയിട്ടില്ല. വാദം കേൾക്കണം എന്ന ആവശ്യം ആണ് പിണറായി വിജയനും സി.ബി.ഐ യും ഉന്നയിക്കുന്നത്. വിശദമായ വാദം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമോ എന്ന് ജനുവരി 10-ാം തീയതി അറിയാം.

തിരുവിതാംകൂർ രാജകുടുംബത്തിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അവകാശത്തെ സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ ജനുവരി 15 ന് അന്തിമ വാദം തുടങ്ങും. ശബരിമല യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് എതിരെ സമർപ്പിച്ചിരിക്കുന്ന പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ജനുവരി 22 ന് തുറന്ന കോടതിയിൽ വാദം കേൾക്കും. നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ജനുവരി 23 ന് പരിഗണിക്കും. ഈ കേസുകൾക്ക് പുറമെ മറ്റ് സുപ്രധാന കേസുകളും ജനുവരിമാസം കോടതിക്ക് മുന്നിലെത്തും.[yop_poll id=2]