ഉടുമ്പന്‍ചോലയിലെ സി.പി.എം പ്രവര്‍ത്തകന്‍റെ മരണം രാഷ്ട്രീയ കൊലപാതകമല്ലെന്ന് വ്യക്തമാക്കി പോലീസ്; കൊലപാതകത്തിലേക്ക് നയിച്ചത് സുഹൃത്തുമായുള്ള പണമിടപാട്; വെളിവായത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സി.പി.എമ്മിന്‍റെ ഗൂഢശ്രമം

Jaihind Webdesk
Sunday, June 2, 2019

ഇടുക്കി:  ഉടുമ്പൻചോലയിലെ സി.പി.എം പ്രവര്‍ത്തകന്‍റെ മരണം യു.ഡി.എഫിന് മേല്‍ ആരോപിക്കാനുള്ള സി.പി.എം ശ്രമം പൊളിഞ്ഞു. ശെല്‍വരാജിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ് വ്യക്തമാക്കി. കടം നൽകിയ പണത്തെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. സി.പി.എം പ്രവർത്തകനായ സെൽവരാജിനെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ശേഷം യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപണമാണ് ഇതോടെ തെറ്റാണെന്ന് തെളിഞ്ഞത്. സുഹൃത്തായ അരുള്‍ ഗാന്ധിയുമായുള്ള പണമിടപാടിലെ തർക്കത്തെ തുടര്‍ന്നുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ ശെല്‍വരാജ്  സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെടുകയാണുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് സെൽവരാജിന്‍റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തമിഴ്നാട്ടിലെ മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഉടുമ്പൻചോല സ്വദേശി സെൽവരാജ് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ദിനം രാത്രിയില്‍ സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെയും കയ്യാങ്കളിയെയും തുടർന്ന് സെൽവരാജിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. യു.ഡി.എഫ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നായിരുന്നു സി.പി.എം ആരോപണം. എന്നാൽ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

വോട്ടെണ്ണൽ ദിനത്തിൽ ഉടുമ്പൻചോല പൂക്കലാറിലെ ഒരു വീട്ടിൽ മരണാനന്തരക്രിയകളില്‍ സംബന്ധിച്ച് മടങ്ങവെ സെൽവരാജും സുഹൃത്ത് അരുൾഗാന്ധിയും കണ്ടുമുട്ടി. കടമായി നൽകിയ തുക തിരികെ വേണമെന്ന് സെല്‍വരാജ് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലേക്ക് നീങ്ങി. ഇതിനിടെ എത്തിയ അരുൾ ഗാന്ധിയുടെ മകനും സെൽവരാജിനെ മർദിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ സെല്‍വരാജ് രണ്ടുദിവസത്തിന് ശേഷമാണ്  മധുര മെഡിക്കല്‍കോളജിൽ ചികിത്സ തേടിയത്.  സമയത്ത് ചികിത്സ കിട്ടാതെ ശെൽവരാജ് മരണപ്പെടുകയായിരുന്നു. ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ശെല്‍വരാജിന്‍റെ സുഹൃത്ത് അരുൾ ഗാന്ധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസും വ്യക്തമാക്കിയതോടെ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സി.പി.എമ്മിന്‍റെ ശ്രമമാണ് വെളിപ്പെടുന്നത്. മന്ത്രി എം.എം മണിയുടെ നിയോജകമണ്ഡലമായ ഉടുമ്പന്‍ചോലയില്‍ വ്യാപക ആക്രമണമാണ് സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ നടത്തുന്നത്. മന്ത്രി എം.എം മണിയുടെ അറിവോടെയാണ് സി.പി.എം ഗുണ്ടാവിളയാട്ടമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. ജനാധിപത്യത്തെ വെല്ലുവിളിച്ച് സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.