ഇടുക്കിയില്‍ സി.പി.എം ഗുണ്ടാവിളയാട്ടം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണം; കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു

Jaihind Webdesk
Sunday, June 2, 2019

ഇടുക്കി: ഉടുമ്പൻചോലയിൽ  സി.പി.എം പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം. പ്രദേശത്ത് അക്രമം അഴിച്ചുവിട്ട് ഭീകരാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം. ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത സി.പി.എം അക്രമികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കളെയും ആക്രമിച്ച് പരിക്കേല്‍പിച്ചു.

സി.പി.എം ആക്രമണത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് പരിക്കേറ്റു. സി.പി.എം ഗുണ്ടാവിളയാട്ടത്തില്‍ ബ്ലോക്ക് പ്രസിഡന്‍റ് ബെന്നി തുണ്ടത്തിൽ, ഡി.സി.സി മെംബര്‍മാരായ പി.ഡി ജോർജ്, സി.സി വിജയൻ, യൂത്ത് കോൺഗ്രസ് നേതാവ് റ്റിബിൻ ജോർജ് എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബ്ലോക്ക് പ്രസിഡന്‍റ്  ബെന്നി തുണ്ടത്തിലിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റിലും പ്രവേശിപ്പിച്ചു.

മന്ത്രി എം.എം മണിയുടെ അറിവോടെയാണ് അക്രമമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്  ഇബ്രാഹിംകുട്ടി കല്ലാര്‍ പ്രതികരിച്ചു. സി.പി.എം അക്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അക്രമത്തിൽ പ്രതിഷേധിച്ച് നാളെ ഇടുക്കി ജില്ലയില്‍ കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ മിന്നും വിജയത്തിലും ഇടതിനേറ്റ കനത്ത തിരിച്ചടിയിലും മുഖം നഷ്ടമായ എല്‍.ഡി.എഫ് കനത്ത നിരാശയിലാണ്. പരാജയത്തിന് പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപക ആക്രമണമാണ് സി.പി.എം നടത്തുന്നത്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സി.പി.എം സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യു.ഡി.എഫിന്‍ററെ ഉജ്വല വിജയത്തിന് പിന്നാലെ മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് നേരെ നിരന്തരമായ ആക്രമണമാണ് അരങ്ങേറുന്നത്.