നടിയെ ആക്രമിച്ച കേസ് : ദിലീപിന്‍റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Tuesday, September 17, 2019

Dileep-SupremeCourt

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം ദൃശ്യങ്ങൾ നൽകരുതെന്ന നടിയുടെ ആവശ്യവും ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയെന്ന നിലയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് കിട്ടാൻ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം. ഇതിനെതിരെയാണ് ആക്രമണത്തിന് ഇരയായ നടിയുടെ അപേക്ഷ.

മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകാനാകില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു. മെമ്മറി കാർഡ് കേസിലെ രേഖയാണോ, തൊണ്ടിമുതലാണോ എന്ന് സർക്കാരും ഇന്ന് കോടതിയിൽ വ്യക്തമാക്കും.