ഷെഹീന്‍ ബാഗ് സമരക്കാരുമായി സംസാരിക്കാന്‍ അഭിഭാഷകരെ നിയമിച്ച് സുപ്രീം കോടതി

Jaihind News Bureau
Monday, February 17, 2020

ന്യൂഡല്‍ഹി : ഷെഹീൻ ബാഗ് സമരത്തിൽ സമവായ ശ്രമം ആരാഞ്ഞ് സുപ്രീം കോടതി. സമരത്തിനായി മറ്റൊരു സ്ഥലം അനുവദിച്ചുകൂടെയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് കൗൾ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജന്തർ മന്തർ, രാം ലീല , ലാൽ കില തുടങ്ങിയ സ്ഥലങ്ങൾ സമരത്തിനായി ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു.

സമരവുമായി ബന്ധപ്പെട്ട് ഗതാഗത തടസം നേരിടുന്നതും സമരം മറ്റൊരിടത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് സുപ്രീം കോടതി അഭിഭാഷകരെ നിയമിച്ചത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ നഗരത്തെ മുഴുവൻ ബന്ധിയാക്കി സമരം തുടരാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡ, ശാന്തന രാമചന്ദ്രൻ എന്നിവരോട് സമരക്കാരുമായി ചർച്ച ചെയ്ത് തീരുമാനം അറിയിക്കാൻ കോടതി നിർദേശം നൽകി. കോടതി നിയമിച്ച അഭിഭാഷകനുമായി സംസാരിക്കാന്‍ തയാറാണെന്ന് സമരക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.