സൗദി എണ്ണപ്പാടം ആക്രമണത്തില്‍ ആശങ്ക : രണ്ട് കേന്ദ്രങ്ങളിലും ഉല്‍പാദനം നിര്‍ത്തി, ഉല്‍പാദനം ഇനി പകുതിയായി കുറയും ; എണ്ണ വില ഉയരുമെന്ന് സൂചന

Elvis Chummar
Sunday, September 15, 2019

ദുബായ് : സൗദിയുടെ എണ്ണ ഉല്‍പാദനകേന്ദ്രത്തിലേക്കുള്ള ഹൂതികളുടെ ഡ്രോണ്‍ ആക്രമണം, സൗദി അറേബ്യയുടെ എണ്ണ ഉത്പാദനത്തെ ബാധിച്ചു. ഇതനുസരിച്ച്, സൗദിയുടെ ആകെ എണ്ണ ഉല്‍പാദം, ഇതോടെ പകുതിയായി കുറയുമെന്നും കണക്കാക്കുന്നു. ഇതിനിടെ, പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കാനായി , അമേരിക്കയും സൗദിയും നിര്‍ണായകമായ ചര്‍ച്ച നടത്തി.

ലോകത്തെ ഏറ്റവും വലുപ്പമേറിയ എണ്ണപാടത്തിനും, പ്‌ളാന്റിലേക്കും ശനിയാഴ്ച നടന്ന, ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതം, മാറുമുമ്പേയാണ്, ഈ ആക്രമണം, സൗദി അറേബ്യയുടെ എണ്ണ ഉത്പാദനത്തെ ബാധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇതുവരെയുള്ള കണക്ക് തിട്ടപ്പെടുത്തുമ്പോള്‍, സൗദിയുടെ ആകെ എണ്ണ ഉല്‍പാദം, ഇതോടെ പകുതിയായി കുറയുമെന്ന് വ്യക്തമായി. ഇത് സൗദി അറേബ്യയ്ക്ക് താങ്ങാവുന്നതില്‍ അധികമാണെന്ന് സമീപ രാജ്യങ്ങള്‍ വരെ വിലയിരുത്തി കഴിഞ്ഞു. സൗദി ദേശീയ എണ്ണക്കമ്പനിയായ, അരാംകോയുടെ രണ്ട് കേന്ദ്രങ്ങളില്‍, ഉല്‍പാദനം നിര്‍ത്തിവച്ചെന്ന് സൗദി ഊര്‍ജമന്ത്രി അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാകുക. പ്രതിദിന, ആഗോള എണ്ണ ഉല്‍പാദനത്തിലെ അഞ്ചു ശതമാനമാണ് ഈ കണക്ക്. പുതിയ സാഹചര്യം, എണ്ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കുമെന്നും സൂചനകള്‍ ഉണ്ട്.

അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. എണ്ണ പ്രതിസന്ധി രൂക്ഷമായാല്‍, കരുതല്‍ ശേഖരം, ഉപയോഗിക്കാനുളള നടപടികള്‍ക്കായി അമേരിക്കയും സൗദിയും തമ്മില്‍ ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണിലൂടെയാണ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ,ചര്‍ച്ച നടത്തിയത്. സൗദിയുടെ സുരക്ഷയ്ക്ക് എന്ത് സഹായവും നല്കാന്‍ സന്നദ്ധമാണെന്ന് ട്രംപും വ്യക്തമാക്കി. ഇതിനിടെ, ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനുളള ശ്രമങ്ങള്‍ക്ക് ഇറാന്‍ തുരങ്കം വച്ചതായും അമേരിക്ക ആരോപിച്ചു. ഇതോടെ, ഇനിയുള്ള ദിവസങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകുമെന്നും സൂചനകള്‍ ഉണ്ട്.

teevandi enkile ennodu para