സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

Jaihind News Bureau
Monday, May 11, 2020

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റർ സംസം കാനുകൾ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. ഇത് പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സംസം ജലം ലഭ്യമാകും.

സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറിൽ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണൽ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ മുഹമ്മദ് അൽ മൗക്കാലിയും ലുലു ജിദ്ദ റീജണൽ ഡയറക്ടർ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്. സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഹറം വകുപ്പ് നിർദ്ദേശമനുസരിച്ച് എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്.