കൊറോണ ആശങ്ക : ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് വിലക്ക് ; ഉംറയോടൊപ്പമുള്ള മദീന സന്ദര്‍ശനവും നിര്‍ത്തി

Jaihind News Bureau
Thursday, February 27, 2020

ദുബായ് : ഗള്‍ഫ് ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളില്‍, കൊറോണ വൈറസ് പടരുന്നതിനെതിരെ, സൗദി വിദേശകാര്യ മന്ത്രാലയമാണ്, ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.  ഇതുസംബന്ധിച്ച  മുന്‍കരുതല്‍ നടപടികളുടെ ഭാഗം കൂടിയാണ് ഇത്. ഇതോടെ, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് , സൗദി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഉംറയോടൊപ്പം നിര്‍വഹിക്കുന്ന മദീന സന്ദര്‍ശനവും ഇതോടൊപ്പം നിര്‍ത്തിവെച്ചു. കൂടാതെ, വ്യാപകമായി വൈറസ് രേഖപ്പെടുത്തിയ രാജ്യങ്ങള്‍ക്ക്, സൗദിയിലേക്കുള്ള ഉംറ വിസയും അധികൃതര്‍ നിഷേധിച്ച് വരുകയാണ്.

ഇതോടെ, സ്വദേശികള്‍ക്കോ മറ്റു  ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കോ ദേശീയ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഈ സമയങ്ങളില്‍, യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാകും. മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അകപ്പെട്ടവ സ്വദേശികള്‍ക്ക് , തിരിച്ച് വരുന്നതിനും മറ്റും ,  നിബന്ധനകളോടെ മാത്രമേ, ഇത് അനുവദിക്കുകയുള്ളൂ. സൗദിയില്‍ എത്തുന്നതിനു മുമ്പ് ഏത് രാജ്യം സന്ദര്‍ശിച്ചാണ് യാത്രക്കാര്‍ എത്തുന്നതെന്നും, ഇനി എന്‍ട്രി പോയിന്റുകളിലെ ആരോഗ്യ അധികൃതര്‍ പരിശോധിക്കും.  പ്രതിവര്‍ഷം എഴുപത് ലക്ഷം ഉംറ തീര്‍ഥാടകരാണ് , ഉംറക്കും സിയാറത്തിനുമായി സൗദിയിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ജിദ്ദ, മദീന വിമാനത്താവളങ്ങളാണ് ഉപയോഗിച്ച് വരുന്നത്. പുതിയ നിയന്ത്രണം, സൗദിയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.