ശബരിമല സ്ത്രീപ്രവേശനം: സമരം ഹൈജാക്ക് ചെയ്യാൻ സംഘപരിവാർ

Jaihind Webdesk
Tuesday, October 9, 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഉയർന്നുവന്ന ഭക്തജനങ്ങളുടെ സമരം ഹൈജാക്ക് ചെയ്യാൻ സംഘപരിവാർ നീക്കം തുടങ്ങി. സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ അതിനെ അംഗീകരിച്ച് ആർ.എസ്.എസ് രംഗത്തുവന്നിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് ഭക്തജനങ്ങളുടെ കടുത്ത എതിർപ്പ് ഉയർന്നതോടെ നിലപാട് മയപ്പെടുത്തിയ ആർ.എസ്.എസ് പിന്നീട് നിശബ്ദമാവുകയായിരുന്നു.

അതിനുശേഷം ഉയർന്നുവന്ന ഭക്തജനങ്ങളുടെ പ്രതിഷേധം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് സമരത്തെ ഹൈജാക്ക് ചെയ്യാൻ സംഘപരിവാർ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി സംഘപരിവാർ നേതൃത്വം നൽകുന്ന ഹിന്ദു സംഘടനകളുടെ മറവിലാണ് സമരപരിപാടികൾ ആസൂത്രണം ചെയ്ത് രംഗത്തിറങ്ങിയിട്ടുള്ളത്. ശബരിമല വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സംസ്ഥാന ബി.ജെ.പി ഘടകത്തെ സമരങ്ങൾക്ക് മുന്നിലെത്തിക്കുക എന്നതാണ് സംഘപരിവാറിന്‍റെ രഹസ്യ അജൻഡ. ഇതിന്‍റെ ഭാഗമായി വിഷയത്തിലുള്ള പ്രക്ഷോഭത്തെ ആളിക്കത്തിച്ച് ഭൂരിപക്ഷ സമുദായങ്ങളെ വിശ്വാസത്തിലെടുക്കുകയാണ് സംഘപരിവാർ സമരങ്ങളുടെ ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

ബി.ജെ.പി നടത്തുന്ന സമരപരിപാടികളിലേക്ക് ഭക്തജനങ്ങളെ നിർബന്ധിച്ച് എത്തിക്കുകയെന്നതാണ് അടുത്ത ഘട്ടത്തിൽ ചെയ്യുക. പന്തളം രാജകുടുംബം സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ചിട്ടുള്ള നാമജപയാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും ഇതിന്‍റെ ഭാഗമായാണ്. എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ രംഗത്തിറങ്ങിയേതാടെയാണ് ഭക്തജനങ്ങളുടെ പ്രതിഷേധം രൂപം കൊണ്ടത്. പന്തളം രാജകുടുംബത്തിന്‍റെയും എൻ.എസ്.എസിന്‍റെയും ആഹ്വാനപ്രകാരം ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം സംഘപരിവാറിന്‍റെ അടിത്തറ ഇളക്കിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ എഴുതിയ ലേഖനത്തിലും ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.

വിധി വന്നതിന് പിന്നാലെ ആർ.എസ്.എസ് നേതാവ് പി ഗോപാലൻകുട്ടി മാസ്റ്ററും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും അതിനെ അനുകൂലിച്ച് രംഗത്തിറങ്ങിയിരുന്നു. സംഘപരിവാറിന്‍റെ അനുകൂല നിലപാടിൽ ഭക്തജനങ്ങൾക്കും പന്തളം രാജകുടുംബത്തിനും എൻ.എസ്.എസിനുമുണ്ടായ അപ്രീതി തുടർ പ്രതിഷേധങ്ങളിൽ പ്രതിഫലിച്ചതോടെയാണ് സമരം ഹൈജാക്ക് ചെയ്യണമെന്ന തീരുമാനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ എത്തിച്ചേർന്നത്. കേരള ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത് എന്നിവരെ മുന്നിൽ നിർത്തി ആർ.എസ്.എസ് പിന്നിൽ നിന്ന് നയിക്കുന്ന സമരപരമ്പരയാണ് ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ സമരത്തിന് ശേഷം ബി.ജെ.പി നടത്തുന്ന ലോംഗ് മാർച്ചിലും ഇവർ കൈകോർക്കും. വിഷയം രാഷ്ട്രീയമായി മുതലെടുക്കാനാണ് സംഘപരിവാർ – ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്.

ഇതിനിടെ ശബരിമലയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹർജി നൽകിയത് സംഘപരിവാർ ബന്ധമുള്ള അഭിഭാഷകരാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വിഷയത്തിൽ ഹർജി നൽകിയ അഞ്ച് വനിതാ അഭിഭാഷകരും പരമ്പരാഗതമായി ആർ.എസ്.എസ് – ബി.ജെ.പി അടക്കമുള്ള സംഘപരിവാർ സംഘടനകളുമായി ഏറ്റവും അടുപ്പുമുള്ളവരാണെന്ന വാർത്തയാണ് പുറത്തുവന്നിട്ടുള്ളത്.