ശബരിമല സമരം വിജയമാക്കാനായില്ല, തുറന്നുസമ്മതിച്ച് ബി.ജെ.പി; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു

Jaihind Webdesk
Sunday, January 20, 2019

 

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം  വിജയമാക്കാനായില്ലെന്ന് തുറന്നുസമ്മതിച്ച് ബിജെപി. വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു ശ്രീധരൻ പിള്ള ഇക്കാര്യം പറഞ്ഞത്.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ശബരിമലയെ തകർക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി 48 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന നിരാഹാര സമരമാണ് ഇന്ന് അവസാനിപ്പിച്ചത്. പോരാട്ടം തുടരുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍ സമരങ്ങള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് നിലവില്‍ യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ് ബി.ജെ.പിയിലുള്ളത്. ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടർന്നാണ് ബി.ജെ.പി സമരം ആരംഭിച്ചത്.

ബി.ജെ.പിയുടെ ശബരിമല സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് വിവാദമായിരുന്നു. തുടക്കത്തിലെ ആവേശം പിന്നീടുണ്ടായില്ലെന്ന് പാർട്ടിക്കുള്ളിൽത്തന്നെ വിമർശനമുയർന്നു. സമരത്തോടനുബന്ധിച്ച് നടന്ന അനാവശ്യ ഹർത്താലുകളും അക്രമസംഭവങ്ങളുമെല്ലാം പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്തു. സര്‍ക്കാര്‍ ബി.ജെ.പിയുടെ സമരത്തോട് ഒരു ഘട്ടത്തിലും ചര്‍ച്ചയ്ക്ക് തയാറായതുമില്ല. ഇതോടെ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും നേടിയെടുക്കാനാകാതെ സമരം അവസാനിപ്പിക്കേണ്ടിവന്ന ഗതികേടിലാണ് ബി.ജെ.പി. ഇതോടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളയുടെ നില കൂടുതൽ പരുങ്ങലിലാവുകയും ചെയ്തു. ഇക്കാര്യത്തിൽ സംഘ്പരിവാർ സ്വീകരിച്ച സമീപനത്തിലും പാർട്ടിക്ക് അതൃപ്തിയുണ്ട്. സമരം പരാജയമാണെന്ന ശ്രീധരൻ പിള്ളയുടെ തുറന്ന പറച്ചിൽ സംഘ്പരിവാര്‍ നിലപാടിനുള്ള പരോക്ഷ വിമർശനമാണ്.