രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായി സഫ ഫെബിന്‍

Jaihind News Bureau
Friday, December 6, 2019

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായിരിക്കുകയാണ് കരുവാരക്കുണ്ട് ജി. എച്ച്. എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി സഫ ഫെബിൻ. ജീവിതത്തിൽ കിട്ടിയ വലിയ സന്തോഷമുള്ള നിമിഷമാണെന്നും അഭിമാനമുണ്ടെന്നും സഫ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ കരുവാരക്കുണ്ട് ഗവൺമെന്റ് എച്ച്.എസ്.എസിലെ കുട്ടികളൊന്ന് അമ്പരന്നു. എന്നാൽ ആ അമ്പരപ്പിനൊടുവിൽ സദൈര്യത്തോടെ മുൻ നിരയിൽ നിന്നൊരു കൈ പൊങ്ങി. ഞാൻ റെഡി – പ്ലസ്ടു സയൻസ് വിദ്യാർത്ഥിനി സഫ ഫെബിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സഫ താരമായി.

സ്‌കൂളിലെ സയൻസ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ രാഹുൽഗാന്ധി പ്രസംഗം തുടങ്ങിയ ശേഷമാണ് പരിഭാഷയ്ക്ക് സഹായം ചോദിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരിഭാഷയ്ക്കായി തയ്യാറായി നിൽക്കുമ്‌ബോഴായിരുന്നു അപ്രതീക്ഷിത ചോദ്യം.

വാക്കുകൾ ലളിതമാക്കിയും വേഗം കുറച്ചും രാഹുൽഗാന്ധി പ്രസംഗിച്ചപ്പോൾ സഫ കട്ടയ്ക്ക് നിന്നു. സഭാകമ്ബം പേടിയൊന്നുമില്ലാതെ വാക്കുകളും ആശയവും ഒഴുകിയപ്പോൾ കൂട്ടുകാരുടെ കൂട്ടകൈയടി. രാഹുൽഗാന്ധിയും ഹാപ്പി. സ്‌നേഹസമ്മാനമായി ചോക്ലേറ്റ് നൽകിയ രാഹുൽ നന്ദിയും അറിയിച്ചു. അതേസമയം ജീവിതത്തിൽ തനിക്ക് കിട്ടിയ വലിയ സന്തോഷമുള്ള നിമിഷമാണെന്നും അഭിമാനമുണ്ടെന്നും സഫ പറഞ്ഞു

ശാസ്ത്രം പഠിക്കാൻ തുറന്ന മനസാണ് വേണ്ടതെന്നും മറ്റുള്ളവരുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നും രാഹുൽഗാന്ധി കുട്ടികളോട് പറഞ്ഞു.