സർക്കാർ ധൂർത്ത് തുടരുന്നു : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ 26 ലക്ഷം ; കരാർ പതിവുപോലെ ഊരാളുങ്കലിന്

Jaihind News Bureau
Sunday, January 5, 2020

pinarayi-vijayan

സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. വന്‍തുക ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതിയില്‍ നീന്തല്‍കുള നവീകരണം. നവീകരണ കരാർ നൽകിയിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിക്ക്. 26 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ലീഫ് ഹൗസിലെ നീന്തൽ കുളം നവീകരണത്തിനായി തയാറാക്കിയിരിക്കുന്നത്.

ലക്ഷങ്ങൾ ചെലവഴിച്ചാണ് ക്ലിഫ് ഹൗസിലെ നീന്തല്‍കുളം ടൂറിസം വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നവീകരിക്കുന്നത്. നീന്തല്‍കുളത്തിന്‍റെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രം 18 ലക്ഷം രൂപയും അനുബന്ധ അറ്റകുറ്റപ്പണികള്‍ക്ക് 8 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സി.പി.എം നേതൃത്വം നൽകുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നവീകരണ കരാര്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തില്‍ മന്ത്രിമാരുടെ ചെലവുകള്‍ വെട്ടിച്ചുരുക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ നീന്തൽകുളത്തിന് മുഖ്യമന്ത്രിയുടെ വസതിയില്‍ തന്നെ ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന സര്‍ക്കാര്‍ നീന്തല്‍ക്കുളം നവീകരണത്തിനായി ഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ഉപയോഗ ശൂന്യമായതിനാല്‍ സാധാരണ നിലയിലുള്ള നവീകരണ ജോലികളാണ് നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.