11 ഡിവൈ.എസ്.പിമാരെ തരംതാഴ്ത്തി; 26 സി.ഐമാര്‍ക്ക് സ്ഥാനക്കയറ്റം; സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി

Jaihind Webdesk
Saturday, February 2, 2019

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ട 11 ഡിവൈ.എസ്.പിമാരെ സിഐമാരായി തരംതാഴ്ത്തി. 26 സിഐമാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി. 53 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാന പൊലീസിലെ വന്‍ അഴിച്ചുപണി എന്നാണ് സൂചന. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത്. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.

2014 മുതല്‍ സീനിയോറിറ്റി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി വൈ എസ് പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഒഴിവാക്കേണ്ടവരുടെ പട്ടിക നല്‍കിയത്.