കേരള പൊലീസ് ജീര്‍ണ്ണതയുടെ പടുകുഴിയില്‍; പൊലീസിന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതികളെ സഹായിക്കുന്ന നിലപാട് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, July 20, 2020

കേരള പൊലീസ് ജീർണ്ണതയുടെ പടുകുഴിയിലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്നത് കേരള പൊലീസാണ്. കേസിൽ തുടക്കം മുതലുള്ള കേരള പൊലീസിന്‍റെ സമീപനം സംശയകരമാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സഹായകരമായ നിലപാടാണ് പൊലീസിന്‍റെത്. പൊലീസിന്‍റെ തലപ്പത്തെ പല ഉന്നതർക്കും ഈ തട്ടിപ്പുസംഘവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ആ തലത്തിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നത് കേരള പൊലീസാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആഭ്യന്തരവകുപ്പ് ഇതുപോലെ അധ:പതിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല.സംസ്ഥാനത്തെ പൊലീസ് സംവിധാനം പൂര്‍ണ്ണമായും ജീര്‍ണ്ണിച്ചിരിക്കുന്നു.ഈ കേസില്‍ തുടക്കം മുതലുള്ള കേരള പൊലീസിന്‍റെ സമീപനം സംശയകരമാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് പൊലീസിന്‍റെത്. പൊലീസിന്‍റെ തലപ്പത്തെ പല ഉന്നതര്‍ക്കും ഈ തട്ടിപ്പുസംഘവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ആ തലത്തിലേക്ക് അന്വേഷണം നീളുമോയെന്നാണ് ജനം പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്നത്. സംസ്ഥാനത്തിനകത്ത് നിന്നും പൊലീസിന്‍റെ പിന്തുണയില്ലാതെ ഈ കേസിലെ പ്രതികള്‍ക്ക് കേരളം വിടാനാവില്ല. ഇവര്‍ക്ക് കേരളം വിടാന്‍ എല്ലാ സഹായവും ചെയ്ത കാക്കിക്കുപ്പായക്കാര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ സഹായത്തോടെ ശക്തിമാന്മാരായി നില്‍ക്കുകയാണ്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നാ സുരേഷ് എയര്‍ ഇന്ത്യ ഓഫീസര്‍ക്കെതിരെ വ്യാജപീഡന പരാതി നല്‍കാനായി വ്യാജരേഖ ചമയ്ച്ചതും ഗൂഢാലോചന നടത്തിയതും ഉള്‍പ്പെടുന്ന കേസ് അട്ടിമറിക്കാനാണ് ആദ്യം പൊലീസ് ശ്രമിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സ്വപ്‌നയുടെ പങ്ക് ഈ കേസില്‍ പൊലീസിന് ബോധ്യപ്പെട്ടിട്ടും ഉന്നതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവരെ തൊടാന്‍ കേരള പോലീസ് തുനിഞ്ഞില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരായ നിരവധി തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.

യുഎഇ കോണ്‍സുലേറ്റ് ജനറലിന് ഗണ്‍മാനെ അനുവദിച്ച ഡിജിപിയുടെ നടപടിയും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ്. വിദേശനയതന്ത്ര പ്രതിനിധിയുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദേശകാര്യ മന്ത്രാലയമാണ്. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ ഡിജിപി നേരിട്ടാണ് കോണ്‍സുലേറ്റ് ജനറലിന് ഗണ്‍മാനെ അനുവദിച്ചത്. ഡിജിപി നടത്തിയത് അധികാര ദുര്‍വിനിയോഗമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സമാന കുറ്റത്തിന്‍റെ പേരിലാണ് സസ്‌പെന്‍റ് ചെയ്തത്. അതിനാല്‍ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച ഡിജിപിയെ സസ്‌പെന്‍റ് ചെയ്യുകയും ഡിജിപിയുടെ പങ്ക് എന്‍.ഐ.എ പ്രത്യേകമായി അന്വേഷിക്കുകയും വേണം. ഡിജിപി നേരിട്ട് നിയമിച്ച ഗണ്‍മാന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടോയെന്ന് എന്‍.ഐ.എയും കസ്റ്റംസും പരിശോധിച്ചുവരികയാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കെ യുഎഇ അറ്റാഷെ പൊടുന്നനെ അപ്രത്യക്ഷമായത് സംശയാസ്പദമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

teevandi enkile ennodu para