വയനാടിന്‍റെ വികസന നായകൻ എം ഐ ഷാനവാസിന്‍റെ ഓർമകൾക്ക് ഒരാണ്ട്

Jaihind News Bureau
Thursday, November 21, 2019

MI Shanavas MP

മുൻ വയനാട് എം പി എം ഐ ഷാനവാസിന്‍റെ ഓർമകൾക്ക് ഒരാണ്ട്. പതിറ്റാണ്ടുകളോളം കെ പി സി സി ഭാരവാഹിയായിരുന്ന എം ഐ ഷാനവാസ് വയനാടിന്‍റെ വികസന നായകൻ കൂടിയാണ്. ഗുരുതരമാം ഉദരരോഗം ഉണ്ടായപ്പോൾ ഇച്ചാശക്തിയുടെ പിൻബലത്തിൽ പുഞ്ചിരിച്ചു കയറിയ അദ്ദേഹത്തിന്റെ അസാമാന്യ കരുത്തിനെ രാജ്യം ഇന്ന് കണ്ണീരോടെ ഓർക്കുന്നു.

മൂന്ന് പതിറ്റാണ്ടോളം കെ പി സി സി ഭാരവാഹിയായിരുന്ന അപൂർവ്വം നേതാക്കളിലൊരാളാണ് എം.ഐ ഷാനവാസ്. ഫറോക്ക് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനുകളുടെ ഭാരവാഹിയായി രാഷ്ട്രീയ രംഗത്ത് ചുവട് വെച്ച ഷാനവാസ് 1983ൽ കെ പി സി സി സെക്രട്ടറിയായി സംസ്ഥാന രാഷ്ട്രീയത്തിൽ വരവറിയിച്ചു. 2009ല്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിനായി ചുരം കയറിയെത്തിയതോടെയാണ് എം.ഐ ഷാനവാസ് എന്ന പൊതുപ്രവര്‍ത്തകന്‍റെ ജീവിതം പുതിയൊരു വഴിത്തിരിവിലെത്തുന്നത്.

പലപ്പോഴും വിജയിച്ച് കയറാന്‍ എളുപ്പമല്ലാത്ത ഇടതുകോട്ടകളില്‍ മത്സരിച്ച് അഞ്ചോളം പരാജയപ്പെട്ടിരുന്ന ഷാനവാസ് 2009ല്‍ തന്‍റെ രാഷ്ട്രീയജീവിതത്തിന്‍റെ തെളിര്‍മയാര്‍ന്ന ശൈലിക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു വയനാട് മണ്ഡലത്തിലെ സീറ്റ്. എക്കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ള മണ്ഡലം അപ്രാവശ്യം ഷാനവാസിന് സമ്മാനിച്ചതാവട്ടെ റെക്കോര്‍ഡ് 1,53,439 വോട്ടിന്‍റെ ചരിത്ര ഭൂരിപക്ഷമാണ്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശ്രദ്ധേയരായ എം പിമാരില്‍ ഒരാളായി പേരുചാര്‍ത്തിയ ഷാനവാസ് വയനാടിന്റെയും പൊതുവായതുമായ ഒരുപാട് വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. കാലാവധി തീരുന്നതിന് മുന്നെ അദ്ദേഹം രോഗബാധിതനായെങ്കിലും ചികിത്സകള്‍ക്ക് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയും 2014ല്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഒരിക്കല്‍ കൂടി മത്സരിച്ചു വിജയിക്കുകയും ചെയ്തു.

വികസന നായകൻ
1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം കൊണ്ട് ഷാനവാസ് വയനാട് മണ്ഡലത്തിലെത്തിച്ചത്. വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലം അവകാശപ്പെട്ട് തന്നെ രണ്ടാംവട്ടം മത്സരത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയപ്രതിയോഗികള്‍ തൊടുത്തുവിട്ട കുപ്രചരണങ്ങള്‍ ഒട്ടും ചെറുതായിരുന്നില്ല. എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ വികസനകാര്യത്തെ കുറിച്ച് തുറന്ന സംവാദത്തിന് ചില മാധ്യമങ്ങളെയടക്കം അദ്ദേഹം വെല്ലുവിളിച്ചു. രണ്ടാംതവണയും വിജയം തന്നെ ആയിരുന്നു ഫലം.

വയനാടിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ട്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് 100 കോടി, സ്‌പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി, ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 70 കോടി, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് നാല് കോടി എന്നിങ്ങനെ പോകുന്നു അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍.