വിടവാങ്ങിയത് വയനാടിന്‍റെ ശബ്ദം…

Jaihind Webdesk
Wednesday, November 21, 2018

MI Shanavas MP

ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചാണ് എം.ഐ ഷാനവാസ് വയനാടിന്‍റെ ചുരം കയറി ലോക്സഭയിലെത്തിയത്. നിരവധി വികസന പ്രവർത്തനങ്ങൾ 10 വർഷത്തിനിടെ അദ്ദേഹത്തിന് മണ്ഡലത്തിൽ നടപ്പാക്കാനായി. ജന്മം കൊണ്ട് മധ്യകേരളക്കാരനാണെങ്കിലും കർമം കൊണ്ട് മലബാറുകാരനായിരുന്നു എം.ഐ ഷാനവാസ് എം.പി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയിൽ ഷാജി എന്നറിയപ്പെടുന്ന എം.ഐ ഷാനവാസിന്,
തെരഞ്ഞെടുപ്പുകളിൽ വിജയം നൽകിയ ചരിത്രമാണ് മലബാറിനുള്ളത്. ആലപ്പുഴ എസ്.ഡി കോളജിലെ പഠനശേഷം കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം പിന്നീട് 1971ല്‍ KSU കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. 72 – 73 വർഷങ്ങളിൽ കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായി മൽസരിച്ച് വിജയിച്ചു. ഷാനവാസിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് വിജയമായിരുന്നു അത്. 25 വർഷങ്ങൾക്കപ്പുറം 2009 ൽ വയനാട് പാർലമെന്‍റ് മണ്ഡലം കോൺഗ്രസിനു വേണ്ടി പിടിച്ചെടുക്കാൻ KPCC നിയോഗിച്ചത് എം.ഐ ഷാനവാസിനെയായിരുന്നു. വയനാട്ടിലേക്ക് ചുരം കയറി ഷാജിക്ക എത്തിയപ്പോൾ, ചരിത്ര വിജയമാണ് അദ്ദേഹത്തിനവിടെ UDF കാത്തുവെച്ചിരുന്നത്. 1,53,439 വോട്ടിന്‍റെ റെേക്കാർഡ് ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് ആദ്യജയം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് പാർലമെന്‍റ് മണ്ഡലം 2014ൽ രണ്ടാം തവണയും കോൺഗ്രസിനും, ഷാനവാസിനുമൊപ്പം ഉറച്ചുനിന്നു. സി.പി.ഐ സ്ഥാനാര്‍ഥി സത്യൻ മൊകേരിയെയാണ് ഷാനവാസ് പരാജയപ്പെടുത്തിയത്.

ലോക്സഭാംഗം എന്ന നിലയില്‍ പാര്‍ലമെന്‍റിലെ മാനവ വിഭവശേഷി വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, എം.പി ലാഡ്സ് അംഗം, ന്യൂനപക്ഷ മന്ത്രാലയം ഉപദേശക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു.

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസി​​ന്‍റെ നാവായിരുന്ന എം.ഐ ഷാനവാസ് പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന് പ്രതിരോധമൊരുക്കുന്ന മുന്നണിപ്പടയാളിയുമായിരുന്നു. മാറാട് സമാധാന ഉടമ്പടിയിലും, നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജിലും തുടങ്ങി സച്ചാര്‍ റിപ്പോര്‍ട്ടി​​ന്‍റെ അടിയൊഴുക്കുകളില്‍ വരെ തികഞ്ഞ നീതിബോധത്തോടെ തന്‍റേതായ സംഭാവന അര്‍പ്പിച്ച നേതാവായിരുന്നു.
മൈസൂർ-നിലമ്പൂർ പാതയ്ക്കായി അക്ഷീണം പ്രവർത്തിച്ച ഷാനവാസിന്
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും കഴിഞ്ഞു. നിരവധി കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മണ്ഡലത്തിലെത്തിക്കാനായി. ജില്ലയിലെ വരൾച്ച, വെള്ളപ്പൊക്കം എന്നീ അവസരങ്ങളിൽ അതിവേഗം കേന്ദ്രസഹായമെത്തിക്കാനായി.

MSDP ഫണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടിയിലധികം രൂപയുടെ സഹായം, മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങി എണ്ണിപ്പറയാൻ നിരവധി വികസന പദ്ധതികൾ അദ്ദേഹം വയനാട്ടിലേക്കെത്തിച്ചു. ജന്മം കൊണ്ട് മധ്യകേരളക്കാരനാണെങ്കിലും കർമം കൊണ്ട് മലബാറുകാരനാകാനായിരുന്നു കാലം അദ്ദേഹത്തെ നിയോഗിച്ചിരുന്നത്.