മാതൃകകള്‍ ബാക്കിയാക്കി ഷാജി യാത്രയാകുമ്പോള്‍…

Jaihind Webdesk
Wednesday, November 21, 2018

MI Shanavas MP

എം.ഐ ഷാനവാസ് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകർക്കും പ്രിയപ്പെട്ട ഷാജിയായിരുന്നു. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതുജീവിതത്തെ വരിച്ച ഷാനവാസ് എന്നും നല്ല ഓര്‍മകളും മാതൃകയുമായിരുന്നു. ആത്മബന്ധത്തിന്‍റെ ഇഴചേർത്ത രാഷ്ട്രീയപ്രവർത്തനമായിരുന്നു ഷാനവാസിന്‍റെ മുഖമുദ്ര. മികച്ച സംഘാടകനും മികച്ച പ്രാസംഗികനും ചാനല്‍ സംവാദത്തില്‍ കോണ്‍ഗ്രസിന്‍റെ നാവായി മാറാനും ഷാനവാസിന് കഴിഞ്ഞത് തീക്ഷ്ണമായ രാഷ്ട്രീയപ്രവർത്തനത്തിന്‍റെ അനുഭവസമ്പത്ത് തന്നെയായിരുന്നു. അഞ്ച് തെരഞ്ഞെടുപ്പ് നല്‍കിയ തോല്‍വിയുടെ പാഠങ്ങളായിരുന്നു വയനാട് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടുകൂടിയായിരുന്നു പാർലമന്‍റേറിയന്‍ എന്ന നിലയിലുള്ള ഷാനവാസിന്‍റെ അരങ്ങേറ്റം.

കഠിനപരീക്ഷണങ്ങള്‍ കളംനിറഞ്ഞാടിയ ജീവിതത്തില്‍ ഒരു തികഞ്ഞ പോരാളിയായി പൊരുതി തോല്‍പിച്ചായിരുന്നു വയനാട്ടിലെ ആദ്യ വിജയം. തെരഞ്ഞെടുപ്പിലെ തോല്‍വികള്‍ക്കും രോഗത്തിനുമൊന്നും ആ മനോവീര്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയവും വ്യക്തിപരവും ആരോഗ്യപരവുമായ പരീക്ഷണങ്ങള്‍ വീഴ്ത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അദ്ദേഹം പൊരുതിക്കയറി. പൊതുചടങ്ങുകളിലും ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിലും പാർട്ടിയുടെ നാവായിരുന്നു ഷാനവാസ്. 2010-ല്‍ പൊതുവേദികളില്‍നിന്ന് താല്‍ക്കാലികമായി മാറിനിന്നത് രോഗത്തിന്‍റെ കാഠിന്യത്താലായിരുന്നു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന അഭ്യൂഹങ്ങളെ കാറ്റില്‍പറത്തി അദ്ദേഹം വീണ്ടും പൊതുപ്രവർത്തനരംഗത്തേക്ക് ശക്തമായി തിരിച്ചെത്തി.

ഒരു റംസാന്‍ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് കണ്ടാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ ഷാനവാസ് ചികിത്സയ്ക്കെത്തിയത്. എന്നാലത് ജീവിതത്തിലെ പരീക്ഷണകാലത്തിന്‍റെ മറ്റൊരു തുടക്കമായിരുന്നു. വിദഗ്ധപരിശോധനകള്‍ക്കൊടുവില്‍ പാന്‍ക്രിയാസിന്‍റെ പുറംഭിത്തിയില്‍ വളര്‍ച്ചയുണ്ടെന്ന് കണ്ടെത്തി. ചികിത്സ തുടര്‍ന്നു. ഏറ്റവും പരീക്ഷണകാലഘട്ടമായിരുന്നു അത്. എന്നാല്‍ ആത്മധൈര്യം കൊണ്ട് ജീവിതത്തിലേക്ക് വീണ്ടും തിരിച്ചുവന്ന ഷാനവാസ് പൊതുപ്രവര്‍ത്തനത്തിലേക്ക് വീണ്ടും ഓടിക്കയറുന്ന കാഴ്ചയായിരുന്നു കണ്ടത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മികച്ച സംഘാടകന്‍ ഫാറൂഖ് കോളേജ് യൂണിയന്‍ ചെയർമാന്‍, കോഴിക്കോട് സർവകലാശാല യൂണിയന്‍ ചെയർമാന്‍ തുടങ്ങി വിദ്യാർഥിരാഷ്ട്രീയ പ്രവർത്തനത്തില്‍ കരുത്ത് തെളിയിച്ചായിരുന്നു ഷാനവാസിന്‍റെ യാത്ര. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിർണായക പ്രതിസന്ധികളില്‍ എല്ലാംതന്നെ ഷാനവാസ് അടയാളം തീർത്തിട്ടുണ്ട്. ജി കാർത്തികേയനും രമേശ് ചെന്നിത്തലയും ഷാനവാസും കാഴ്ചവെച്ച ധീരമായ പ്രവർത്തനങ്ങളായിരുന്നു കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി കാലം രേഖപ്പെടുത്തിയത്. ജനാധിപത്യരീതിയില്‍ പാർട്ടിയില്‍ സംഘർഷങ്ങളുണ്ടാകുമ്പോഴും സൌഹൃദത്തിന്‍റെ കണ്ണികളിലൂടെ പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കാതെ മുന്നോട്ടുപോകാനുള്ള കർമകുശലതയും എം.ഐ ഷാനവാസിന്‍റെ പ്രത്യേകതകളില്‍ ചിലതായിരുന്നു. മാതൃകകള്‍ ഒട്ടനവധി ബാക്കിയാക്കിയാണ് ഷാജി യാത്രയായത്… ആ ദീപ്തമായ സ്മരണയ്ക്ക് മുന്നില്‍ ടീം ജയ്ഹിന്ദിന്‍റെ ആദരാഞ്ജലികള്‍….