ശബരിമലയില്‍ ബി.ജെ.പിക്ക് നപുംസക നയം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, October 20, 2018

ശബരിമലയിലെ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭം കോണ്‍ഗ്രസും യു.ഡി.എഫും പകുതി വഴിയില്‍ ഉപേക്ഷിച്ചുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍ പിളളയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും, യു.ഡി.എഫും ഈ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. അതേസമയം വിശ്വാസികളുടെ വികാരങ്ങള്‍ക്ക് പിന്തുണ നല്‍കും. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ശ്രീധരന്‍ പിള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും കേരളത്തില്‍ അതിനെതിരെ ജനങ്ങളെ ഇളക്കി വിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ബി.ജെ.പിക്ക് നപുംസക നയമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയെ ബി.ജെ.പിയും ആര്‍.എസ്.എസും ശക്തിയായി അനുകൂലിക്കുകയാണ് ആദ്യം ചെയ്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍പിള്ളയുള്‍പ്പടെയുള്ള നേതാക്കള്‍ക്ക് വിധി വന്ന ആദ്യ ദിവസങ്ങളില്‍ ഒരേ സമയം അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന സര്‍ക്കസ് കളിക്കുകയായിരുന്നു. പിന്നീട് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് കണ്ടപ്പോഴാണ് ജനങ്ങളെ ഇളക്കി വിട്ട് രംഗത്തിറങ്ങിയത്. ഇപ്പോഴാകട്ടെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് എല്ലാ സംരക്ഷണവും നല്‍കമമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണ്. അതേസമയം തന്നെ സ്ത്രീപ്രവേശനത്തിനെതിരെ ബി.ജെ.പിക്കാര്‍ ഇവിടെ സമരം നടത്തുകയും ചെയ്യുന്നു. ഇതാണ് യഥാര്‍ഥ നപുംസക നയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സംഘപരിവാറിന്‍റെ ശ്രമത്തിന് ഇന്ധനം പകരുകയാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നത്. ശബരിമലയിലെ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസും സര്‍ക്കാരും കൂട്ടുപ്രതികളാണ്. ബി.ജെ.പിയും, സി.പി.എമ്മും ഇക്കാര്യത്തില്‍ പരസ്പര സഹായസംഘം പോലെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് കോണ്‍ഗ്രസിനും യു.ഡി.എഫിനും എന്നും ഒരേ നയമാണ്. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടണമെന്ന നിലപാടാണ് 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ആ നിലപാടില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ബി.ജെ.പിയുടെ നിലപാട് കാപട്യം മാത്രമല്ല അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.