ഗള്‍ഫിലും യൂറോപ്പിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം : കേന്ദ്ര വിദേശകാര്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Wednesday, June 10, 2020

തിരുവനന്തപുരം: കൊവിഡ് 19 ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളിലെയും യൂറോപ്പിലെയും മലയാളികള്‍ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും അവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കൈക്കൊള്ളേണ്ട അടയന്തിര നടപടികള്‍ ചൂണ്ടിക്കാണിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഗള്‍ഫ് – യൂറോപ്പ് എന്നിവടങ്ങിളിലുള്ള മലയാളികളുമായി വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി ആശയ വിനിമയം നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ഗള്‍ഫ് നാടുകളില്‍ 200 മലയാളികളാണ് ഇതുവരെ കൊവിഡ് 19 ബാധയെതുടര്‍ന്ന് മരിച്ചത്. ഏതാണ്ട് 1.75 ലക്ഷം മലയാളികള്‍ നാട്ടിലെത്താനായി കാത്തിരിക്കുകയാണ്. മൂവായിരം വിമാനങ്ങളെങ്കിലും നിരന്തരമായി സര്‍വ്വീസ് നടത്തിയാല്‍ മാത്രമെ ഇത്രയും പേരെ നാട്ടിലെത്തിക്കാന്‍ കഴിയുകയുള്ളു. മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഉള്ള വിമാനങ്ങള്‍ കൂടി നിര്‍ത്തല്‍ ചെയ്യുമോ എന്ന ഭയവും അവര്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചാര്‍ട്ടേര്‍ഡ് – റെഗുലര്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തേണ്ടത് അത്യാവിശ്യമാണെന്നും രമേശ് ചെന്നിത്തല ഡോ ജയശങ്കറിന് അയച്ച കത്തില്‍ പറയുന്നു. ഗള്‍ഫ് മലയാളികള്‍ അവിടെ ആര്‍ ടി- പി സി ആര്‍ കോവിഡ് ടെസ്റ്റ് നടത്തിയാല്‍ മാത്രമേ കേരളത്തിലേക്ക് കയറ്റിവിടുകയുള്ളു. ഇതാകട്ടെ വളരെ ചിലവേറിയതാണ്. ഗള്‍ഫിലെ സാധാരണക്കാരായ മലയാളികള്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതാണ്. ഇത് നടത്തിയാല്‍ മാത്രമെ കടത്തിവിടുകയുളളു എന്ന നിബന്ധനമൂലം പലര്‍ക്കും കേരളത്തിലേക്ക് വരാന്‍ കഴിയുന്നില്ല. അത് കൊണ്ട് തന്നെ ഈ നിബന്ധനയില്‍ ഇളവ് വരുത്തിക്കൊണ്ട് റാപ്പിഡ് ടെസ്റ്റുകള്‍ നടത്തി ഇവരെ കേരളത്തിലേക്ക് കയറ്റിവിടാനുള്ള സാഹചര്യം ഉണ്ടാക്കണം.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ ആശ്രയിക്കാനും പണമുളളവര്‍ക്കെ സാധിക്കൂ അത് കൊണ്ട് തന്നെ ബഡ്ജറ്റ് വിമാനങ്ങളുടെ സര്‍വ്വീസ് കൂടുതലായി ആരംഭിക്കണം. എംബസികളിലെ ഇന്ത്യക്കാര്‍ക്കായുള്ള കോടിക്കണക്കിന് രൂപയുടെ വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ കഴിയും. വളരെ നാളുകളായി ഈ ഫണ്ട് ഉപയോഗിക്കാതെ കിടക്കുകയാണ്. ഈ ഫണ്ട് ഉപയോഗിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കണമെന്നും രമേശ് ചെന്നിത്തല ഡോ. ജയശങ്കറിനോടാവശ്യപ്പെട്ടു. അതോടൊപ്പം ചെറിയകുറ്റങ്ങള്‍ ചെയ്ത് ജയിലില്‍ കിടക്കുന്ന മലയാളികളെയും, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഈ ഫണ്ട് ഉപയോഗിച്ച് നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഗള്‍ഫിലും യൂറോപ്പിലും വിസിറ്റിംഗ് വിസയില്‍ പഠനത്തിനും മറ്റുമെത്തിയ മലയാളികളില്‍ പലരും വിസ കാലാവധി അവസാനിച്ച ശേഷവും നാട്ടിലേക്ക് തിരിച്ച് വരാന്‍ കഴിയാതെ അവിടെ തുടരുകയാണ്. ഇത്തരത്തില്‍ ദീര്‍ഘകാലം അവിടെ തുടരുന്നത് അവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇവര്‍ക്ക് ലഭ്യമാകാത്തത് കൊണ്ട് രോഗം വന്നാല്‍ ചികല്‍സിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി കൈക്കൊളളണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ എംബസികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലന്ന പരാതികളും ഉയരുന്നതായി പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.