ശബരിമലയെ യുദ്ധഭൂമിയാക്കാന്‍ സി.പി.എം-ബി.ജെ.പി ശ്രമം: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, November 2, 2018

ശബരിമലയിൽ യുദ്ധ സമാനമായ സാഹചര്യമുണ്ടാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിന്‍റെ ഭാഗമായാണ് തീര്‍ഥാടനകാലത്ത് സി.പി.എം സഖാക്കളെ താല്‍ക്കാലിക ജീവനക്കാരായി നിയമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ശബരിമലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ സ്വാതന്ത്ര്യം കവർന്നെടുക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അയ്യപ്പഭക്തര്‍ക്ക് സമാധാനപരമായി ദര്‍ശനം നടത്താനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരാണ്. സമചിത്തയോടെ ശബരിമല വിഷയത്തെ കാണാൻ സർക്കാരിന് കഴിഞ്ഞില്ല. ശബരിമലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നവംബര്‍ 4ന് പത്തനംതിട്ടയില്‍ യു.ഡി.എഫ് സമാധാന സത്യാഗ്രഹം നടത്തും.

പ്രളയക്കെടുതിയിൽ അടിയന്തരസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ അർഹരായവർക്ക് ഇതുവരെയും കിട്ടിയിട്ടില്ല. പ്രളയം കഴിഞ്ഞ ശേഷം നടത്തിയ പ്രഖ്യാപനങ്ങൾ പൂര്‍ണ പരാജയമായി. പദ്ധതി പ്രവർത്തനങ്ങൾ പാളിയെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടുതട്ടിലാക്കി. സാലറി ചലഞ്ചിൽ സുപ്രീം കോടതി വിധി സർക്കാർ നടപ്പാക്കുന്നില്ലെന്നും സമ്മതപത്രം കൊടുക്കാനുള്ള ഭീഷണിയാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കേരള പിറവി ദിനത്തില്‍ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് ഇത് ആദ്യമാണ്.  പിണറായി ഭരണം കേരത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ്.

എന്‍.എസ്.എസ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം അപലപനീയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.