മുഖ്യമന്ത്രിയും ഗവർണറും ഭായി-ഭായി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു; പിണറായിയുടേത് ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകം : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, January 29, 2020

മുഖ്യമന്ത്രിയും ഗവർണറും ഭായി-ഭായി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിൻ കേസിൽ നിന്ന് രക്ഷപ്പെടാനാണ് പിണറായിയുടെ നാടകമെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ ആർഎസ്എസ് ഏജന്‍റ്. പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആന്‍റ് വാർഡിനെ ഉപയോഗിച്ച് മർദ്ദിച്ചുവെന്നും രമേശ് ചെന്നിത്തല.

ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ബിജെപിയുടെ സഹായം തേടുകയാണ് ഗവർണർ വഴി മുഖ്യമന്ത്രി ചെയ്യുന്നത്. ലാവലിൻ കേസ് ഈ ആഴ്ച കോടതിയിൽ എടുക്കാൻ പോകുന്ന സന്ദർഭമാണ്. അതിന് സഹായം കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ നരേന്ദ്രമോദിയുടെ സഹാനുഭൂതി നേടാൻ വേണ്ടി ഈ നാടകം പിണറായി വിജയൻ കളിക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള അന്തർധാര വളരെ വ്യക്തമായിരിക്കുകയാണ്. അഴിമതിക്കേസിൽ നിന്ന് പിണറായി വിജയനെ രക്ഷപ്പെടുത്താൻ ഗവർണറുമായി ചേർന്നുണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇപ്പോൾ വ്യക്തമാകുന്നത്. 18ആമത്തെ പാരഗ്രാഫ് വായിക്കില്ലെന്ന് പറഞ്ഞ ഗവർണർ ഇന്ന് മാറിയതിന് പിന്നിൽ തമ്മിലുള്ള കൂട്ടുകച്ചവടം വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രി കാലുപിടിച്ചതിനാല്‍ ആ ഖണ്ഡികയും വായിക്കുകയാണെന്ന് ഗവര്‍ണര്‍ പറയുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.