കള്ളക്കടത്ത് പ്രതിക്കായി ഇടത് MLAമാരുടെ കത്ത്; ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 26, 2018

Ramesh-Chennithala

കള്ളക്കടത്ത് നിരോധന കേസിലെ പ്രതിയെ  വീട്ടു  തടങ്കലിലാക്കരുതെന്ന് കാണിച്ച്  എം.എല്‍.എമാരായ കാരാട്ട് റസാഖും പി.ടി.എ റഹീമും  ആഭ്യന്തര  വകുപ്പിന് നല്‍കിയ കത്ത്  ഭരണകക്ഷി എം.എല്‍.എ മാര്‍ക്ക്  കള്ളക്കടത്ത് മാഫിയയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രമാദമായ കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ അബു ലൈസിനെ കരുതല്‍ തടങ്കിലാക്കരുതെന്ന്  ആവശ്യപ്പെട്ട്    മുഖ്യമന്ത്രിയോടും, സി.പി.എമ്മിനോടും അടുപ്പമുള്ള ഇവര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ കത്ത് രാജ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതും ദേശീയ താല്‍പര്യത്തിന് വിരുദ്ധവുമാണ്. മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണ്‍ കേരള യാത്രക്കിടെ കള്ളക്കടത്ത്  കേസിലെ പ്രതിയുടെ വാഹനത്തില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു.  ഇത്തരം മാഫിയാ  സംഘങ്ങളുമായുള്ള  കേരളത്തിലെ സി.പി.എം   നേതാക്കളുടെയും, ഭരണകക്ഷി എം.എല്‍.എമാരുടെയും ബന്ധത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ഇവരില്‍ ഒരാളുടെ മകനെയും, മരുമകനെയും  ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദിയില്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. കേരളത്തിലെ ഭരണകക്ഷി എം.എല്‍.എമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും  രാജ്യാന്തര കള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന  വാര്‍ത്തകള്‍ പുറത്തുവരുന്നത് ആശങ്കാജനകമാണ്.   കേരളത്തിലെ ഭരണത്തിന്‍റെ തണലില്‍   രാജ്യന്തര മാഫിയകള്‍ക്ക്   അഴിഞ്ഞാടാനുള്ള അവസരമാണ്  സി.പി.എം ഉണ്ടാക്കുന്നത്. ഭരണത്തിന്‍റെ ഉന്നത തലങ്ങളില്‍ പോലും  ഇത്തരം മാഫിയകള്‍ക്ക് സ്വാധീമുണ്ടെന്നത് ആശങ്കാജനകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.