അയ്യപ്പന്‍റെ തിരുവാഭരണം: ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 6, 2020

തിരുവനന്തപുരം: ശബരിമല അയ്യപ്പന്‍റെ തിരുവാഭരണത്തിന്‍റെ കാര്യത്തില്‍ ആചാരവും പരമ്പരാഗതമായ വിശ്വാസവും നിലനിര്‍ത്തുന്ന തരത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മകര സംക്രമണ വേളയില്‍ അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ കാലാകാലങ്ങളായി പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. അവിടെ നിന്ന് ഘോഷയാത്രയായി കൊണ്ടു വന്നാണ് അവ ചര്‍ത്തുന്നത്. അയ്യപ്പന്റെ പിതൃസ്ഥാനീയരാണ് പന്തളം കൊട്ടാരമെന്ന നിലയ്ക്കാണിത്. ശബരിമലയിലെ അനുഷ്ഠാനങ്ങള്‍ ഈ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. പന്തളം രാജകുടുംബത്തിലെ തര്‍ക്കം പരിഹരിക്കേണ്ടത് മറ്റു വഴിക്കാണ്. അതിന്റെ പേരില്‍ ആചാരങ്ങളും ഐതിഹ്യവും തകര്‍ക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.