കൊല്ലപ്പെട്ട ഷുഹൈബിന്‍റെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകി രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, March 14, 2019

എടയന്നൂരിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൂടുംബാംഗങ്ങൾക്ക് മുന്നിൽ ആശ്വാസവാക്കുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി എത്തി. കണ്ണൂർ വിമാനത്താവളത്തിലെ വി.ഐ. പി ലോഞ്ചിൽ വെച്ചായിരുന്നു ഷുഹൈബിന്‍റെ കുടുംബാംഗങ്ങളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.

തൃശൂരിൽ ദേശീയ മത്സ്യതൊഴിലാളി പാർലമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിന് ശേഷം കാസർഗോട്ടേക്കുള്ള യാത്രാ മധ്യേയാണ് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തിയത്. വിമാനം ഇറങ്ങിയ ഉടൻ രാഹുൽ ഗാന്ധി വി.ഐ. പി ലോഞ്ചിൽ തന്നെ കാത്തിരുന്ന ഷുഹൈബിന്‍റെ കുടുംബാംഗങ്ങൾക്ക് മുന്നിൽ എത്തി. ഷുഹൈബിന്‍റെ പിതാവ് സി. പി മുഹമ്മദ്, ഉമ്മ റസിയ്യ, സഹോദരിമാരായ ഷർമില, സുമയ്യ, ഷമീമ എന്നിവരാണ് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നത്. ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന ചെറിയ സംഘവും ഈ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. വികാര നിർഭരമായിരുന്നു കൂടിക്കാഴ്ച. ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

10 മിനിറ്റ് നേരമാണ് രാഹുൽ ശുഹൈബിന്‍റെ കുടുംബാംഗങ്ങളോടെപ്പം ചെലവഴിച്ചത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ തുടങ്ങിയവരും വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

https://www.youtube.com/watch?v=7wk-AlxAR7I&feature=youtu.be