പ്രധാനമന്ത്രിയ്ക്കും പ്രതിരോധമന്ത്രിയ്ക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍

webdesk
Tuesday, January 8, 2019

Rahul-Gandhi-Tweet-Jan8

എച്ച്.എ.എല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്കും പ്രതിരോധമന്ത്രിയ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടിന്‍റെ പേരില്‍ ദസോള്‍ട്ട് എന്ന കമ്പനിയ്ക്ക് 20,000 കോടി രൂപ നല്‍കിയ പ്രധാനമന്ത്രി പക്ഷേ എച്ച്.എ.എല്ലിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി പണം കടമെടുക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ദസ്സോള്‍ട്ടിന് ഒരു റഫേല്‍ ഇടപാടിനായി 20,000 കോടി രൂപ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന്, സ്ഥാപനത്തിന് അര്‍ഹമായ 15,700 കോടി രൂപ നല്‍കാന്‍ വിസമ്മതിച്ചുകൊണ്ട്, ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ ആ സ്ഥാപനത്തെക്കൊണ്ട് 1000 കോടി വായ്പ എടുക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. അതേസമയം പ്രതിരോധ മന്ത്രി നുണയ്ക്ക് മേല്‍ നുണ പടച്ചുവിടുകയാണെന്നും എന്നാല്‍ ചോദ്യങ്ങളുക്കുള്ള ഉത്തരം മാത്രം നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി തന്‍റെ ട്വീറ്റില്‍ കുറ്റപ്പെടുത്തി.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തിന് അര്‍ഹതപ്പെട്ട 15,700 കോടി രൂപ അവര്‍ക്ക് നല്‍കാത്തതിനാല്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ കണ്ട ഏറ്റവും കുറഞ്ഞ ക്യാഷ് ബാലന്‍സ് ആണ് എച്ച്.എ.എല്ലില്‍ ഇക്കുറി രേഖപ്പെടുത്തിയത്. ഇതോടെ ജീവനക്കാരുടെ ശമ്പളം പോലും നല്‍കാനുള്ള തുക ലഭ്യമാക്കാനാകാതെ വായ്പ എടുക്കാന്‍ ഇതോടെ എച്ച്.എ.എല്‍ നിര്‍ബന്ധിതമാകുകയായിരുന്നു.  1000 കോടി രൂപയാണ് ശമ്പളത്തിനായി മാത്രം എച്ച്.എ.എല്‍ വായ്പ എടുക്കുന്നത്. ഇതിന് പുറമെയാണ് പാര്‍ലമെന്‍റിനകത്തും പുറത്തും റഫേലുമായി ബന്ധപ്പെട്ടുള്ള രാഹുലിന്‍റെ ചോദ്യങ്ങളില്‍ നിന്ന്  പ്രധാനമന്ത്രിയെ രക്ഷപ്പെടുത്താന്‍ പ്രതിരോധ മന്ത്രി നടത്തുന്ന ശ്രമങ്ങള്‍. ഒന്നിനു പിറകെ ഒന്നായി കള്ളക്കണക്കുകള്‍ നിരത്തി ന്യായീകരണത്തൊഴിലാളിയായി മാറുന്ന പ്രതിരോധ മന്ത്രി എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നുമില്ല.