ഗവര്‍ണര്‍, വേണ്ടത് വിമാനമല്ല; സഞ്ചരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം: കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ഗാന്ധി

Jaihind Webdesk
Tuesday, August 13, 2019

ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതി അറിയാന്‍ പ്രതിപക്ഷ സംഘവുമായി പോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നേരിട്ട് വരാനാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം.  പ്രിയപ്പെട്ട ഗവര്‍ണര്‍, നിങ്ങളുടെ വിലപ്പെട്ട ക്ഷണം സ്വീകരിച്ച് ഒരു സംഘം പ്രതിപക്ഷ നേതാക്കള്‍ കശ്മീരും ലഡാക്കും സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് വിമാനം അയയ്‌ക്കേണ്ടതില്ല, എന്നാല്‍ ജനങ്ങളെയും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെയും താഴ്‌വരയില്‍ വിന്യസിച്ചിട്ടുള്ള സൈനികരെയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ താഴ്വരയിലേക്ക് വിമാനം അയക്കാമെന്നാണ് ഗവര്‍ണര്‍ രാഹുല്‍ ഗാന്ധിയോട് വെല്ലുവിളിച്ചത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കൂടാതെ കശ്മീരിലെ നിലവിലെ സ്ഥിതി എന്താണെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.. ഇതിന് പിന്നാലെയാണ് രാഹുലിനെ ഗവര്‍ണര്‍ കശ്മീരിലേക്ക് ക്ഷണിച്ചത്.