പ്രവർത്തകർക്ക് ആവേശമായി രാഹുൽ ഗാന്ധി നാളെ കൊച്ചിയിൽ

Jaihind Webdesk
Monday, January 28, 2019

കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരാൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കൊച്ചിയിൽ എത്തും. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ഇതോടെ തുടക്കമാകും. പതിനായിര കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

നാളെ രാവിലെ 10.30 ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വിമാനത്താവളത്തിൽ എറണാകുളം ഡിസിസി വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് അദ്ദേഹം അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ വീട് സന്ദർശിക്കും. ഉച്ചക്ക് 12.30 ന് ഗസ്റ്റ് ഹൗസിൽ യുഡിഎഫ് നേതാക്കളുമായി ചർച്ച. അതിന് ശേഷം മറൈൻ ഡ്രൈവിൽ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിൽ സംസാരിക്കും. 24970 വനിതാ ഭാരവാഹികൾ ഉൾപ്പെടെ അൻപതിനായിരത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കും. ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളിൽ വൈസ് പ്രസിഡന്റ് പദവികളിലേക്ക് വനിതകളെ പാർട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തിൽ വനിതകൾക്ക് പ്രാമുഖ്യം നൽകിയ കെപിസിസി നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുൽ അവരെ അഭിസംബോധന ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുള്ള തുടക്കം കൂടിയാകും കൊച്ചി സമ്മേളനം. മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ തിളക്കമാർന്ന വിജയത്തിന്റെ കരുത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലേക്ക് എത്തുന്നത്. ഗൾഫ് സന്ദർശനത്തിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച വൻ സ്വീകാര്യതയും കേരള സന്ദർശനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കേന്ദ്രത്തിൽ ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും പ്രഭാവം മങ്ങുകയും പ്രതിപക്ഷ ഐക്യനിര കൂടുതൽ ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ കൊച്ചി സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്. പ്രിയങ്ക ഗാന്ധി കൂടി കോൺഗ്രസ് നേതൃനിരയിലേക്ക് കടന്നു വന്നതോടെ പാർട്ടിക്കാകെ ലഭിച്ച നവോൻമേഷവും സമ്മേളനത്തിൽ പ്രതിഫലിക്കും. രാജ്യത്ത് മതേതര കക്ഷികളുടെ ഐക്യത്തിനെതിരായ കേരളത്തിലെ സിപിഎമ്മിന്റെ നിഷേധാത്മക നിലപാട്, നരേന്ദ്ര മോഡിയുടെ കൊല്ലം-തൃശൂർ സമ്മേളനങ്ങളിലെ വിമർശനങ്ങൾ എന്നിവയ്‌ക്കെല്ലാം കോൺഗ്രസ് അധ്യക്ഷൻ എന്ത് മറുപടി പറയും എന്നതിലേക്കും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നു.