മുന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതേസമയം പാര്‍ട്ടി സംസ്ഥാന നേതൃത്വവും പ്രമുഖ നേതാക്കളും യെച്ചൂരിയെ പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ചെയ്തത്. പ്രിയ സുഹൃത്തായ യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുകയാണെന്നും ബൗദ്ധിക ചര്‍ച്ചകളുടെ അഭാവം രാഷ്ട്രീയത്തില്‍ പ്രകടമായി അനുഭവപ്പെടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
യെച്ചൂരിയെക്കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഒഫീഷ്യല്‍ പ്ലാറ്റ്ഫോമുകളിലോ പ്രമുഖ നേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലോ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാവിലെ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും അദ്ദേഹം യെച്ചൂരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചില്ല. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും വിഷയം തൊട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം അന്തരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവും നാലാം ലോക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ എം.പി. പരമേശ്വരനെക്കുറിച്ചുള്ള അനുസ്മരണങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിറഞ്ഞുനിന്നത്. മുന്‍പ് ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് എം.പി. പരമേശ്വരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പരമേശ്വരനെ അനുസ്മരിച്ച പാര്‍ട്ടി നേതൃത്വം, മൂന്നു തവണ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ പൂര്‍ണ്ണമായി വിസ്മരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
യെച്ചൂരിയെ മറന്ന് സി.പി.എം; ജന്മദിനത്തില്‍ അനുസ്മരിച്ചത് രാഹുല്‍ ഗാന്ധി മാത്രം