തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാതയുടെ നിര്മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് സര്ക്കാര് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര് പങ്കെടുത്ത ഉന്നതതല കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
കോഴിക്കോട് എന്.ഐ.ടി (NIT) പ്രൊഫസര് ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റ് എഞ്ചിനീയര് ഡോ. ജൂഡ്, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം (NCESS) പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങള്.
നിര്മ്മാണ മേഖല സന്ദര്ശിച്ച് മണ്ണ് നീക്കം ചെയ്യേണ്ട ശാസ്ത്രീയവും സുരക്ഷിതവുമായ മാര്ഗ്ഗങ്ങളെക്കുറിച്ച് അടിയന്തരമായി റിപ്പോര്ട്ട് സമര്പ്പിക്കാന് സമിതിയോട് സര്ക്കാര് നിര്ദ്ദേശിച്ചിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശമായ വയനാട്ടില് വലിയ തോതില് മണ്ണ് കുന്നുകൂടിക്കിടക്കുന്നത് ഭാവിയില് അപകടങ്ങള്ക്ക് കാരണമായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
വിദഗ്ധ സമിതിയുടെ സുഗമമായ പ്രവര്ത്തനങ്ങള്ക്കും സന്ദര്ശനങ്ങള്ക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സഹായങ്ങളും ഒരുക്കാന് വയനാട് ജില്ലാ കളക്ടറെ സര്ക്കാര് ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ റിപ്പോര്ട്ട് ലഭിച്ചാലുടന് മണ്ണ് നീക്കുന്നതിനുള്ള തുടര്നടപടികള് ആരംഭിക്കും.
വയനാട് തുരങ്കപ്പാത: മണ്ണ് നീക്കാന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ