തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് ഔദ്യോഗിക തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക വഴിത്തിരിവാകുന്ന ചടങ്ങിൽ രാവിലെ 10.45ന് ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിന് നേതൃത്വം നൽകും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.
ഇന്ത്യയുടെ പ്രധാന വാണിജ്യ കവാടങ്ങളിലൊന്നായി വിഴിഞ്ഞം മാറുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയായിരിക്കും ഇത്. തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്‌സ് വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യും ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും.
വിഴിഞ്ഞത്തെ വിപുലമായ മാരിടൈം ഇക്കണോമിക് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ സമുദ്ര’ വിഭാവനം ചെയ്തിരിക്കുന്നത്. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ നീളുന്ന തീരപ്രദേശം എന്നിവ പദ്ധതിയുടെ ഭാഗമാകും.
തുറമുഖവും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്സ് വികസനം, വ്യവസായ ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലായാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നത്. പദ്ധതിക്കായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
സ്പെയിനിലെ വലൻസിയയിലേക്ക് ആദ്യ കയറ്റുമതി കണ്ടെയ്‌നർ അയച്ച ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് വിഴിഞ്ഞം സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്.
നിലവിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങൾ വഴി പാശ്ചാത്യ വിപണികളിലേക്ക് ചരക്കുകൾ അയക്കുന്ന കയറ്റുമതിക്കാർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്ക് അയക്കാൻ കഴിയും. ഇതുവഴി ഗതാഗത സമയം കുറയുന്നതിനൊപ്പം ലോജിസ്റ്റിക്സ് ചെലവിലും വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ വിഴിഞ്ഞം വഴി കൂടുതൽ അവസരമൊരുങ്ങും.
എക്‌സിം സേവനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതോടെ വെയർഹൗസിംഗ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ തുടങ്ങിയ അനുബന്ധ മേഖലകളിലും വേഗത്തിലുള്ള വളർച്ച പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്തും സമീപ ജില്ലകളിലും നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഇത് വഴിയൊരുക്കും.
2031ഓടെ പൊതുനിക്ഷേപത്തിന്റെ പത്തിരട്ടിയിലേറെ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ‘മിഷൻ സമുദ്ര’യ്ക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ. വ്യവസായം, ലോജിസ്റ്റിക്സ്, സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം.
തുറമുഖ പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ്, വ്യാപാരം, നിർമാണം, അനുബന്ധ നഗര സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, പോർട്ട് ചാർജുകൾ എന്നിവയിലൂടെ സർക്കാരുകളുടെ വരുമാനവും വർധിക്കുമെന്നാണ് പ്രതീക്ഷ.
‘ഉപഭോക്തൃ സംസ്ഥാനം’ എന്ന നിലയിൽനിന്ന് കേരളത്തെ ഏഷ്യയിലെ പ്രധാന നിർമാണ-കയറ്റുമതി ഹബ്ബുകളിലൊന്നാക്കി മാറ്റുന്നതിൽ വിഴിഞ്ഞം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. റെയിൽ ഗതാഗത സൗകര്യങ്ങൾ പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വൻകിട കയറ്റുമതികളുടെ വലിയൊരു പങ്ക് വിഴിഞ്ഞം വഴിയാകുമെന്ന പ്രതീക്ഷയുമുണ്ട്.
20 മുതൽ 24 മീറ്റർ വരെ സ്വാഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളെ വരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. കിഴക്ക്-പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പൽച്ചാലിൽനിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് തുറമുഖത്തിന്റെ സ്ഥാനം. ഈ പ്രത്യേകതകൾ പ്രയോജനപ്പെടുത്തി വരും വർഷങ്ങളിൽ രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വിഴിഞ്ഞം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
വിഴിഞ്ഞം ഇനി പൂർണ എക്‌സിം തുറമുഖം; ഓഗസ്റ്റ് 18ന് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം