തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ചെന്ന കേസിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
കലാപാഹ്വാനം ഉൾപ്പെടെ നാല് കുറ്റങ്ങളാണ് ടി.ജി. മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇന്ന് രാവിലെ 11 മണിയോടെ മോഹൻദാസിനെ കോടതിയിൽ ഹാജരാക്കും.
ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശമാണ് കേസിന് ആധാരം. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാണ്. പിന്നാലെ നിരവധി പേരും പരാതിയുമായി രംഗത്തെത്തിയിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ സൈബർ സെൽ ഓപ്പറേഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കേസെടുക്കുന്നതിലുണ്ടായ കാലതാമസം നേരത്തെ ചർച്ചയായിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്.
ജൂലൈ 29നാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ടി.ജി. മോഹൻദാസിനെ കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
കലാപാഹ്വാനം ഉൾപ്പെടെ നാല് കുറ്റങ്ങൾ ; ടി.ജി. മോഹൻദാസ് അറസ്റ്റിൽ, ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു