കൊല്ലം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റർ കീറിയത് തങ്ങളുടെ പ്രവർത്തകനല്ല എന്ന എസ്എഫ്ഐയുടെ വാദം പൊളിയുന്നു. കോടിയേരിയുടെ ഫ്‌ളക്‌സ് തകർത്ത അക്ബർ എന്നയാൾ എസ്എഫ്‌ഐ പ്രവർത്തകൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കെഎസ്‌യു പുറത്തുവിട്ടു.
എസ്എഫ്‌ഐ കിളികൊല്ലൂർ ലോക്കൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു അക്ബർ. എസ്എഫ്‌ഐയുടെ ഫേസ്ബുക്ക് പേജിൽ തന്നെയാണ് അക്ബറിന്റെ ഭാരവാഹിത്വം വ്യക്തമാക്കുന്ന പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.
പ്രതിഷേധത്തിനിടെ തങ്ങളുടെ തന്നെ നേതാവിന്റെ അനുസ്മരണ പോസ്റ്റർ വലിച്ചുകീറിയ സംഭവം എസ്എഫ്‌ഐക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ദിനത്തിലായിരുന്നു എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയ സംഭവം. ഇത് വാർത്തകളില്‍ നിറയുകയും സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചർച്ചയാവുകയും ചെയ്തതോടെ മുഖം രക്ഷിക്കാനായി എസ്എഫ്‌ഐ കൊല്ലം ജില്ലാ നേതൃത്വം സ്വന്തം പ്രവർത്തകനെ തള്ളിപ്പറഞ്ഞിരുന്നു. കോടിയേരിയുടെ ഫ്‌ളക്‌സ് തകർത്തയാൾ തങ്ങളുടെ പ്രവർത്തകനല്ലെന്നും എവിടെ നിന്നോ വന്നുകയറിയതാണെന്നുമായിരുന്നു നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാൽ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് പുറത്തുവന്നതോടെ എസ്എഫ്‌ഐയുടെ ഈ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.
പിന്നാലെ എസ്എഫ്‌ഐ നേതൃത്വത്തെ പരിഹസിച്ച് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ രംഗത്തെത്തി. എസ്എഫ്‌ഐയുടെ പേജിലെ അക്ബറിന്‍റെ ഭാരവാഹിത്വം വ്യക്തമാക്കുന്ന പോസ്റ്റ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. സ്വന്തം നേതാക്കൾ ആരെന്നെങ്കിലും ഒന്ന് ക്ലാസ് എടുത്ത് കൊടുക്കണമെന്നും അൻവർ സുൽഫിക്കർ കുറിച്ചു.