ന്യൂഡല്‍ഹി: രാജ്യത്ത് വോട്ട് ചോര്‍ച്ചയിലൂടെ ജനാധിപത്യം തകര്‍ക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ജനാധിപത്യം അട്ടിമറിക്കുകയാണെന്നും ഇവര്‍ക്കെല്ലാം വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. രാജ്യത്തോടുള്ള വഞ്ചനയാണ് നടന്നിരിക്കുന്നതെന്നും ഇതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും ആകാശവാണി ഭവന് മുന്നില്‍ പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകള്‍ ആരോപിച്ച് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ആകാശവാണി ഭവനും നീതി ആയോഗ് ഓഫീസിനും സമീപം പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിക്കുകയായിരുന്നു. ഏകദേശം 300 ഓളം പ്രതിപക്ഷ എംപിമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ അനുമതി തേടിയെങ്കിലും ഗ്യാനേഷ് കുമാര്‍ ഭയന്നോടുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടെ അഖിലേഷ് യാദവ്, അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രയന്‍ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷണറെ ആര്‍എസ്എസ് യൂണിഫോമില്‍ ചിത്രീകരിക്കുന്ന കട്ടൗട്ടുകളുമായാണ് എംപിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. 'ഗ്യാനേഷ്, കളി കഴിഞ്ഞു, ഇനി രാജി വെക്കാനുള്ള സമയമാണ്' എന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
'ഗ്യാനേഷ്, കളി കഴിഞ്ഞു, രാജി വെക്കൂ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം