കോട്ടയം: മഹാരാജാസ് കോളേജിൽ പി.എം. ആർഷോയ്ക്ക് മതിയായ ഹാജരില്ലാതെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിന്റെ ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകിയ സംഭവത്തിൽ എംജി സർവകലാശാല വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. മുൻ പ്രിൻസിപ്പലിനെതിരെ നേരത്തെ നടത്തിയ അന്വേഷണത്തിലെ നടപടികൾ പുനഃപരിശോധിക്കാനും വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് മുൻ സിൻഡിക്കേറ്റ് പ്രിൻസിപ്പലിന് താക്കീത് നൽകി കേസ് തീർപ്പാക്കിയിരുന്നു. വിഷയം രജിസ്ട്രാർ മുൻ ഇടത് സിൻഡിക്കേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
സർവകലാശാലയ്ക്കുണ്ടായ മാനഹാനി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സംഭവത്തിൽ സമഗ്രമായ തുടരന്വേഷണത്തിന് സിൻഡിക്കേറ്റ് ഉത്തരവിട്ടത്. അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആൽസൺ മാർട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.
മുൻ ഇടത് സിൻഡിക്കേറ്റ് അംഗമായ പി. ഹരികൃഷ്ണനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണത്തിലും സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കൃത്രിമ രേഖകൾ സൃഷ്ടിച്ച് യാത്രാബത്ത ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളിൽ ക്രമക്കേട് നടത്തിയെന്നാണ് പരാതി.
ഈ പരാതിയിൽ അന്വേഷണം നടത്തുന്നതിനായി ഡോ. ജോബിൻ ജോസ് ചാമക്കാല, ഡോ. ജി.എസ്. ഗിരീഷ്‌കുമാർ, ഡോ. ആൽസൺ മാർട്ട് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയും നിയോഗിച്ചു.