കണ്ണൂർ: പയ്യന്നൂരിൽ സിപിഎം വിട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന മുൻ പാർട്ടി നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷിയിടത്തിലെ ഷെഡിന് തീയിട്ടു. കണ്ടങ്കാളിയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ കെട്ടിലെ ഷെഡിനാണ് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം ഒരു സംഘം തീവെച്ചത്. ആക്രമണത്തിന് പിന്നിൽ മുൻ എം.എൽ.എ ടി.ഐ. മധുസൂദനനാണെന്ന് സംശയിക്കുന്നതായി പുരുഷോത്തമൻ ആരോപിച്ചു.
ഇന്ന് രാവിലെ ചെമ്മീന് തീറ്റ നൽകാനായി എത്തിയപ്പോഴാണ് ഷെഡ് പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ഷെഡിനുള്ളിലുണ്ടായിരുന്ന തീറ്റ, വലകൾ, ക്രെയ്റ്റുകൾ, പൈപ്പുകൾ എന്നിവ പൂർണ്ണമായി കത്തിച്ചാമ്പലായി. എന്തോ സ്ഫോടകവസ്തു ഉപയോഗിച്ചാണ് ഷെഡ് തകർത്തതെന്നാണ് കരുതുന്നത്. ഇതിനുപുറമെ ചെമ്മീൻ കുഞ്ഞുങ്ങളെ നശിപ്പിക്കാനായി വെള്ളത്തിൽ ദ്രാവകരൂപത്തിലുള്ള വിഷവസ്തുക്കൾ കലക്കിയതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് പുരുഷോത്തമൻ പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവർക്ക് നേരെ ആക്രമണം നടത്താൻ സിപിഎം ഒരുങ്ങുകയായിരുന്നുവെന്ന് പുരുഷോത്തമൻ ആരോപിച്ചു. ടി.ഐ. മധുസൂദനൻ കഴിഞ്ഞ ദിവസങ്ങളിൽ തനിക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും സോഷ്യൽ മീഡിയയിലൂടെ വൻ പ്രചാരണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്രമമുണ്ടായത്. വ്യക്തിപരമായ വൈരാഗ്യവും രാഷ്ട്രീയ ഭീഷണിയുമാണ് സംഭവത്തിന് പിന്നിലെന്നും, അധികാരത്തിന്റെ 'വിത്ത്ഡ്രോവൽ സിൻഡ്രോം' ആണ് മുൻ എം.എൽ.എ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാർ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു.