ഓണാവധിക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി (KSRTC) ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി നൽകിയ കത്ത് പരിഗണിച്ചാണ് ഈ ആശ്വാസ തീരുമാനം. ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകൾ ഈടാക്കുന്ന അമിത നിരക്കും യാത്രക്കാരെ വലയ്ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു എം.പിയുടെ ഇടപെടൽ. നേരത്തെ 60 ബസുകൾ മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്.
സർവീസ് റൂട്ടുകളും തീയതികളും
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസർകോട് തുടങ്ങി കേരളത്തിലെ പ്രധാന ജില്ലകളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓണാഘോഷത്തിനായി നാട്ടിലേക്ക് വരുന്നവർക്കായി ഈ മാസം 21 മുതൽ 25 വരെയായിരിക്കും കർണാടകയിൽ നിന്നുള്ള സർവീസുകൾ. ഓണത്തിനു ശേഷം തിരികെ കർണാടകയിലേക്ക് മടങ്ങേണ്ടവർക്കായി ഈ മാസം 27 മുതൽ 30 വരെയുള്ള തീയതികളിൽ മടക്ക സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്.