ആലപ്പുഴ: പുന്നമടക്കായലിനെ ഓളപ്പരപ്പിൽ ആവേശം വിതറി 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനൽ ഘട്ടത്തിലേക്ക്. ആറ് ഹീറ്റ്സ് പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ മികച്ച സമയം കുറിച്ച മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ആദ്യ ഹീറ്റ്സിൽ 4.20 മിനിറ്റിൽ ഫിനിഷ് ചെയ്ത് വീയപുരം ഒന്നാമതെത്തിയപ്പോൾ, 4 മിനിറ്റും 17 സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്ത മേൽപ്പാടം ചുണ്ടനാണ് ഹീറ്റ്സുകളിൽ ഏറ്റവും മികച്ച സമയം കുറിച്ചത്. നാലാം ഹീറ്റ്സിൽ അരോമ ചുണ്ടനും (4.27 മിനിറ്റ്) ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളവും അഞ്ചാം ഹീറ്റ്സിൽ നിരണവും (4.28 മിനിറ്റ്) ആറാം ഹീറ്റ്സിൽ ആനാരി ചുണ്ടനും ഒന്നാമതെത്തിയെങ്കിലും മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ നടുഭാഗം ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.