തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.ആര്‍. അജിത്കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ (CAT) വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എഡിജിപി ഇടപെട്ട് സാക്ഷികളുടെ മൊഴി മാറ്റിച്ചതായി എസ്‌ഐടി റിപ്പോര്‍ട്ടില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നുവെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്നും ദുരുദ്ദേശ്യത്തോടെയാണ് നടപടിയെന്നുമുള്ള അജിത്കുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഭരണഘടനാപരമായ ചട്ടങ്ങള്‍ അനുസരിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവെക്കാന്‍ ചീഫ് സെക്രട്ടറിക്ക് പൂര്‍ണ്ണ അധികാരമുണ്ട്. സ്ഥാനക്കയറ്റം തടയാനോ രാഷ്ട്രീയ പ്രേരണ മൂലമോ ആണ് നടപടിയെന്ന വാദത്തിന് യാതൊരു തെളിവുമില്ല. അതിനാല്‍ അജിത്കുമാറിന്റെ ഹര്‍ജി തള്ളിക്കളയണമെന്നും സര്‍ക്കാര്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. അടുത്തമാസം മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
സസ്‌പെന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ചുതന്നെ; എസ്‌ഐടി റിപ്പോര്‍ട്ടിലുള്ളത് ഗുരുതര കണ്ടെത്തല്‍; എം.ആര്‍. അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്ക്കാര്