തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഖനന നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റ് പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
ധാതുനിക്ഷേപമുള്ള ഭൂമിയുടെ മേൽ സംസ്ഥാനത്തിനുള്ള ധനപരമായ അധികാരം പരിമിതപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കേരളം ഉന്നയിച്ച ആശങ്കകളിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2024ലെ സുപ്രീം കോടതി വിധി പ്രകാരം ഖനനാവകാശത്തിനുള്ള റോയൽറ്റി നികുതിയല്ലെന്നും ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ടിലെ എൻട്രി 50 പ്രകാരം ഖനനാവകാശത്തിന് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ധാതുസമ്പത്തുള്ള ഭൂമിയിൽ എൻട്രി 49 പ്രകാരം ധാതുക്കളുടെ ഉൽപ്പാദനത്തിന്റെ അളവോ മൂല്യമോ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരവും സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഖനന നിയമ ഭേദഗതി പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ