തിരുവനന്തപുരം: വാര്‍ത്താ മാധ്യമങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ടെക് ഭീമനായ 'മെറ്റ'. എഐ (AI) സോഫ്റ്റ്വെയര്‍ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്നും ആരുടെയും നിര്‍ദേശപ്രകാരമല്ല നടപടിയെന്നും മെറ്റ വ്യക്തമാക്കി.
കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ നോഡല്‍ ഓഫീസര്‍ കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ അറിയിച്ചു. നിലവില്‍ ഈ സാങ്കേതിക തകരാര്‍ പൂര്‍ണ്ണമായി പരിഹരിച്ചെന്നും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
മാധ്യമങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിങ് മെറ്റയോട് ആവശ്യപ്പെട്ടത്. വിവാദം കനത്തതോടെ സംഭവത്തില്‍ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് സൈബര്‍ വിഭാഗവും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിമര്‍ശന സ്വഭാവമുള്ള പോസ്റ്റുകള്‍ നീക്കാന്‍ ആവശ്യപ്പെടാറില്ലെന്നും വ്യക്തിപരമായ അവഹേളനങ്ങളും അശ്ലീല സ്വഭാവമുള്ളതുമായ പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെടാറുള്ളതെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ട പോസ്റ്റുകള്‍ അത്തരം വിഭാഗത്തില്‍പ്പെടുന്നവയല്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്തകള്‍ നീക്കം ചെയ്യിക്കാന്‍ തനിക്ക് മെറ്റയില്‍ യാതൊരു സ്വാധീനവുമില്ല. താന്‍ പറഞ്ഞിട്ടാണ് മെറ്റ ഇവയൊക്കെ നീക്കം ചെയ്യുന്നതെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് റിക്വസ്റ്റ് നല്‍കിയിട്ട് രണ്ടു മാസമായെന്നും എന്നാല്‍ അത് പോലും ഇതുവരെ ശരിയാക്കി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലും ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളി മേഖലയിലെ ഇടപെടലുകളെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ (KCBC) പോസ്റ്റും മെറ്റ നീക്കം ചെയ്ത വിവരവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാരിന് പങ്കില്ല; കണ്ടന്റുകള്‍ നീക്കം ചെയ്തത് ആരുടെയും നിര്‍ദേശപ്രകാരമല്ല; AI അപ്‌ഗ്രേഡില്‍ സംഭവിച്ച പിഴവ്; വിശദീകരിച്ച് മെറ്റ