തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പിന്റെയും ക്രമക്കേടുകളുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി നല്‍കിയ സമ്മതപത്രമെന്ന പേരില്‍ പ്രചരിപ്പിച്ചത് സ്‌പോണ്‍സര്‍ കമ്പനി തയ്യാറാക്കിയ വെറുമൊരു ലഘുലേഖ മാത്രമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. വ്യാജ രേഖയും നികുതി വെട്ടിപ്പ് കമ്പനിയും അര്‍ജന്റീന ടീം കേരളത്തില്‍ പ്രദര്‍ശന മത്സരത്തിനെത്തുമെന്ന് വിശ്വസിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ ഈ ലഘുലേഖയെ ഔദ്യോഗിക സമ്മതപത്രമായി വ്യാഖ്യാനിക്കുകയായിരുന്നു.
കൂടാതെ, സാമ്പത്തിക ഇടപാടുകള്‍ക്കായി സ്‌പോണ്‍സര്‍ സമീപിച്ചത് വിദേശത്ത് വലിയ രീതിയിലുള്ള നികുതി വെട്ടിപ്പ് കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും അന്വേഷണം നേരിടുന്ന ഏജന്‍സിയെയാണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഇടപാടുകളും നീക്കങ്ങളും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി എന്നിവരുടെ പൂര്‍ണ അറിവോടെയാണ് നടന്നതെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം. യാതൊരുവിധ ഔദ്യോഗിക കരാറുകളോ ടെന്‍ഡറുകളോ ഇല്ലാതെയാണ് സ്‌പോണ്‍സറെ നിശ്ചയിച്ചതെന്നും, സര്‍ക്കാരിന്റെ ഉയര്‍ന്ന തലങ്ങളില്‍ നടന്ന ഈ വീഴ്ചകള്‍ സംബന്ധിച്ച് വലിയ രാഷ്ട്രീയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്.
മെസി വിവാദം: എഎഫ്എ സമ്മതപത്രം വ്യാജം; ലഘുലേഖ കാട്ടി തെറ്റിദ്ധരിപ്പിച്ചു; തട്ടിപ്പിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്