ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽഡിഎഫ് സർക്കാരിന്റെയും സ്പോൺസറുടെയും വാഗ്ദാനത്തിലും അതിനുപിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളിലും കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. വിഷയത്തിൽ കായിക വകുപ്പ് റിപ്പോർട്ട് രഹസ്യ സ്വഭാവത്തോടെയാണ് തയാറാക്കിയിട്ടുള്ളതെന്നും, സർക്കാർ തലത്തിൽ കൂടുതൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷം തുടർനടപടികൾ വിശദീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെയും സംസ്ഥാനത്തെയും നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമേ ഏത് പ്രമുഖ താരത്തിനും ഇവിടെ കളിക്കാനാകൂ. മുൻ നടപടികളിൽ സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മുൻ കായികമന്ത്രിക്ക് ലഭിച്ച ഒരു ഇ-മെയിലിൽ നിന്നാണ് മെസ്സി വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഇത്തരത്തിലാണോ ഒരു സർക്കാർ നടപടിക്രമങ്ങൾ തുടങ്ങേണ്ടിയിരുന്നത് എന്നതിൽ സംശയങ്ങളുണ്ട്. മെസ്സിയെ കൊണ്ടുവരിക എന്നതിലുപരി, കേരളത്തിൽ നിന്ന് പുതിയ മെസ്സിമാരെ വാർത്തെടുക്കുക എന്നതാണ് നിലവിലെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ജനീഷ് കൂട്ടിച്ചേർത്തു.
മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (AFA) 126 കോടി രൂപ നൽകിയെന്ന് സ്‌പോൺസർ അവകാശപ്പെടുന്നുണ്ടെങ്കിലും, പണമടച്ചതിന്റെയോ അർജന്റീന ടീം അത് കൈപ്പറ്റിയതിന്റെയോ യാതൊരു ഔദ്യോഗിക രേഖകളുമില്ല. വിദേശനാണ്യ വിനിമയ ചട്ടലംഘനം (FEMA), കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവരുടെ അന്വേഷണം ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സർക്കാരിന് കൈമാറിയത്.