കേരളത്തിൽ പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ, ജനവിധിയെ വിനയപൂർവ്വം സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. കേരളം അനിവാര്യമായ ഒരു രാഷ്ട്രീയ മാറ്റത്തെയാണ് ഇപ്പോൾ പുണർന്നിരിക്കുന്നതെന്നും ജനാധിപത്യ ചേരിയുടെ വിജയാഹ്ലാദം നാടാകെ മുഴങ്ങുകയാണെന്നും ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അവർ ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 71 അസംബ്ലി മണ്ഡലങ്ങളിൽ താൻ സന്ദർശനം നടത്തിയിരുന്നുവെന്ന് മറിയ ഉമ്മൻ ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ഉള്ളിലെ മാറ്റത്തിനായുള്ള വെമ്പലും അപ്പയോടുള്ള (ഉമ്മൻ ചാണ്ടി) അടങ്ങാത്ത സ്നേഹത്തിന്റെ ആഴവും നേരിട്ട് തൊട്ടറിയാൻ സാധിച്ചതായും അവർ കുറിപ്പിൽ വ്യക്തമാക്കി. ഈ വിജയത്തെ പുതിയൊരു യുഗപ്പിറവിയുടെ തുടക്കമായാണ് മറിയ വിശേഷിപ്പിച്ചത്.
യു.ഡി.എഫിന്റെ ഈ ചരിത്ര വിജയം വെറുമൊരു രാഷ്ട്രീയ നേട്ടമല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസമാണെന്ന് മറിയ ഉമ്മൻ പറയുന്നു. ഇത് പാവപ്പെട്ടവരുടെ പ്രതീക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയുമാണ്. മതേതര കേരളത്തിന്റെ ഈ മുന്നേറ്റത്തിനായി അഹോരാത്രം പ്രയത്നിച്ച സഹപ്രവർത്തകർക്കും പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു. "നമുക്ക് കേരളത്തെ വീണ്ടെടുക്കാം, ഈ വിജയത്തെ വിനയപൂർവ്വം സ്വീകരിക്കാം" എന്ന് പറഞ്ഞാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.