പാർലമെന്റിന്റെ മൺസൂൺ സമ്മേളനം പിരിഞ്ഞ് 64 ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുസഭകളും പൂർണ്ണമായും അവസാനിപ്പിക്കാത്തതില് ശക്തമായ മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ. ഇത്തരമൊരു സാഹചര്യം കേട്ടുകേൾവിയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാർലമെന്റ് നടപടികളിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിന്റെ വരാനിരിക്കുന്ന നീക്കങ്ങളിൽ ആശങ്കയറിയിച്ച് ഖാർഗെ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
മണ്ഡല പുനർനിർണ്ണയവുമായി (Delimitation) ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരുന്നതിന് മുൻപായി സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 11-ന് അയച്ച കത്തിന്റെ കാര്യം ഖാർഗെ ഓർമ്മിപ്പിച്ചു. എന്നാൽ ഇത് അവഗണിച്ച് ഏപ്രിൽ 14-ന് രാത്രിയോടെ ബിൽ പരസ്യപ്പെടുത്തുകയും, ഏപ്രിൽ 16-ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഏപ്രിൽ 17-ന് നടന്ന വോട്ടെടുപ്പിൽ ലോക്സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ നിർണായകമായ വലിയ ഭൂരിപക്ഷത്തിൽ ആ ബിൽ പരാജയപ്പെടുകയാണുണ്ടായത്.
തുടർന്ന് ജൂലൈ 16-നും ഓഗസ്റ്റ് 27-നും സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തുകൾ അയച്ചിരുന്നതായും, ഇപ്പോൾ നാലാം തവണയാണ് താൻ ഇതേ ആവശ്യവുമായി സമീപിക്കുന്നതെന്നും ഖാർഗെ വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങൾ പാർലമെന്റിന്റെ പരിഗണനയ്ക്കായി അന്തിമമാക്കുന്നതിന് മുൻപ് അവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് പരസ്പരവും മറ്റ് പങ്കാളികളുമായും ചർച്ച നടത്തുന്നതിന് മതിയായ സമയം നൽകേണ്ടതുണ്ട്. മുൻപ് പരാജയപ്പെട്ടതുപോലെ നിർണായകമായ ഭരണഘടനാ ഭേദഗതി ബില്ലുകൾ അടിയന്തരമായി അടിച്ചേൽപ്പിക്കാൻ വീണ്ടും ശ്രമിക്കരുതെന്നും ഖാർഗെ കത്തിൽ ആവശ്യപ്പെട്ടു.
'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്ജ്ജുന് ഖാര്ഗെ