Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാറ്റകൾക്ക് പിന്നാലെ ഈച്ചകളും രാഷ്ട്രീയത്തിലേക്ക്; സൈബറിടത്ത് തരംഗമായി 'മഖി ജനതാ പാർട്ടി'

പാറ്റകൾക്ക് പിന്നാലെ ഈച്ചകളും രാഷ്ട്രീയത്തിലേക്ക്; സൈബറിടത്ത് തരംഗമായി 'മഖി ജനതാ പാർട്ടി'

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശം മതി, സാമൂഹികമാധ്യമങ്ങളിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി പിറക്കാൻ എന്നതാണ് സൈബറിടത്തെ ഇപ്പോഴത്തെ സ്ഥിതി. യുവാക്കളെ അദ്ദേഹം പാറ്റകളോട് ഉപമിച്ചതിൽ നിന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മ ഉദയം ചെയ്തത്. തുടക്കത്തിൽ ചെറിയൊരു കൂട്ടായ്മയായിരുന്ന സിജെപി പിന്നീട് ഒരു കേന്ദ്രമന്ത്രിയുടെ രാജിക്ക് വരെ ഹേതുവായി മാറുകയും, ഡൽഹിയെ പ്രക്ഷുബ്ധമാക്കിയതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. എല്ലാത്തിനും കാരണമായത് ചീഫ് ജസ്റ്റിസിന്റെ ആ ഒറ്റ പരാമർശമായിരുന്നു.

ഇപ്പോഴിതാ അതേ ചീഫ് ജസ്റ്റിസ് അതേ സുപ്രീം കോടതിയിൽ നടത്തിയ മറ്റൊരു പരാമർശത്തിൽ നിന്ന് വീണ്ടുമൊരു കൂട്ടായ്മ പിറന്നിരിക്കുകയാണ് - 'മഖി ജനതാ പാർട്ടി' അഥവാ എംജെപി. ഡൽഹിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് സൂര്യകാന്തിന്റെ മഖി പരാമർശമുണ്ടായത്. ഒക്ടോബർ ഒൻപതിന് വാദത്തിനിടെ 'ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്' എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദിയിൽ മഖി എന്നാൽ മലയാളത്തിൽ ഈച്ച. സൂര്യകാന്ത് ഇക്കാര്യം പറഞ്ഞതിന് പിന്നാലെ സൈബറിടത്ത് എംജെപി പിറവിയെടുത്തു. വെറും 72 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലധികം കാഴ്ചകളും മൂന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സുമാണ് എംജെപി ഇൻസ്റ്റഗ്രാമിൽ നേടിയത്.

ചീഫ് ജസ്റ്റിസിന്റെ 'ഈച്ച പരാമർശ'ത്തോട് പ്രതികരിച്ചുകൊണ്ടുള്ളതാണ് എംജെപിയുടെ ആദ്യ പോസ്റ്റ്. "ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത് എന്ന് ചീഫ് ജസ്റ്റിസ് പറയുമ്പോൾ 'ഞങ്ങൾ അത്ര മോശക്കാരല്ല' എന്നാണ് ഇപ്പോൾ ഈച്ചകൾ പറയുന്നത്" എന്നായിരുന്നു മഖി ജനതാ പാർട്ടിയുടെ പോസ്റ്റ്. ഇതോടെയാണ് ഈ പേര് സൈബറിടത്ത് ശ്രദ്ധ നേടാൻ തുടങ്ങിയത്. ആര്യൻ എന്ന വിദ്യാർഥിയാണ് ഇതിന്റെ സ്ഥാപകനെന്നാണ് അക്കൗണ്ടിലെ വിവരം. 2021 ജൂണിൽ തുടങ്ങിയ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് എട്ടു തവണ പേര് മാറ്റിയ ശേഷമാണ് നിലവിലെ പേരിലെത്തിയത്. പാർട്ടിക്കായി വക്താക്കളെ തേടിയുള്ള അറിയിപ്പും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

പാറ്റയും ഈച്ചയും കൈകോർക്കുമോ എന്ന ചർച്ചയാണ് സൈബറിടത്ത് ഇപ്പോൾ സജീവമായിട്ടുള്ളത്. കോക്രോച്ച് ജനതാ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാധ്യതകളാണ് എംജെപി പരിശോധിക്കുന്നത്. ഇരു കൂട്ടർക്കും യോജിച്ച പൊതുനിലപാടും സംയുക്ത പ്രവർത്തനസാധ്യതകളും ചർച്ച ചെയ്യുകയാണ് ലക്ഷ്യമെങ്കിലും സഖ്യം സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. കൂടാതെ, ഐസ പ്രസിഡന്റ് നേഹാ ബോറയ്ക്കും ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ ശ്രമിച്ച് കസ്റ്റഡിയിലായ സിജെപി നേതാക്കൾക്കും എംജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് വാദിക്കുമ്പോഴും, ആവശ്യമായ അനുമതിയില്ലാതെയാണ് സമീപകാല പ്രതിഷേധങ്ങൾ നടന്നതെന്നും എംജെപി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിഷേധങ്ങൾ നിയമപരമായ ചട്ടങ്ങൾ പാലിച്ചുവേണം വിനിയോഗിക്കാൻ എന്നും പാർട്ടി ആഹ്വാനം ചെയ്യുന്നു. ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്ന് ജന്മമെടുത്ത മഖി ജനതാ പാർട്ടി സിജെപിയെ പോലെ ഒരു സമ്മർദശക്തിയായി മാറുമോ എന്നും, ഇരുകൂട്ടരും കൈകോർത്ത് പുതിയൊരു 'സഖ്യരാഷ്ട്രീയ'ത്തിന് വഴിതുറക്കുമോ എന്നും കാത്തിരുന്ന് കാണാം.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

ക്യാൻസർ അതിജീവിതർക്ക് പിന്തുണയുമായി ഇന്ത്യ പുതിയ ലോക റെക്കോർഡിലേക്ക്; ചെന്നൈയിൽ മെഗാ മുടിദ...

Save your stories

Sign in